വനിതകള്‍ക്ക് ഗോകുലം ഡയറി പദ്ധതിയുമായി പത്തനാപുരം ;കറവപ്പശുവും ശാസ്ത്രീയ തൊഴുത്തും നൽകും

post

വനിതകളുടെ ജീവിതനിലവാരമുയര്‍ത്തി സ്ത്രീശാക്തീകരണം സാധ്യമാക്കാന്‍ ഗോകുലം ഡയറി പദ്ധതിയുമായി കൊല്ലം പത്തനാപുരം ബ്ലോക് പഞ്ചായത്ത്. വരുമാനത്തോടൊപ്പം സുരക്ഷിതഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം സാധ്യമാക്കുന്നതും ലക്ഷ്യമാക്കുന്നു. വനിതാ വ്യക്തിഗത ഉപഭോക്താക്കള്‍ക്ക്  ശാസ്ത്രീയ കാലിത്തൊഴുത്തും കറവപ്പശുവും നല്‍കുന്ന പദ്ധതിയാണിത്.  

പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതകളുടെ സാമ്പത്തികഭദ്രത ഉറപ്പ് വരുത്തുക, ശാസ്ത്രീയ കാലിതൊഴുത്ത്‌നിര്‍മാണം സാധ്യമാക്കുക, ക്ഷീര മേഖലയും തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജനത്തിലൂടെ വികസനം,പശുവളര്‍ത്തല്‍ ആകര്‍ഷകമായ തൊഴിലാക്കിമാറ്റുക തുടങ്ങിയവയാണ്  പദ്ധതിയിലൂടെ സാധ്യമാകുക.

ആദ്യഘട്ടമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അതിദരിദ്രരായ  പശുവളര്‍ത്തലില്‍ ഏര്‍പ്പെടാനാഗ്രഹിക്കുന്ന വനിതകളെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കണ്ടെത്തും. വീടുകളില്‍ ശാസ്ത്രീയകാലിത്തൊഴുത്ത് നിര്‍മിക്കുന്നതിന് ബാങ്ക് വഴി ലോണ്‍ നല്‍കും. തൊഴുത്ത് പൂര്‍ത്തിയാകുമ്പോള്‍  പൂര്‍ണവളര്‍ച്ചയെത്തിയ കറവ പശുവിനെയും നല്‍കും.

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ്പദ്ധതിയും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിവഴി 100% സബ്‌സിഡിയിലാണ് ശാസ്ത്രീയകാലിതൊഴുത്ത് നിര്‍മിക്കുന്നതിന് പണംഅനുവദിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ  വികസന ഫണ്ടില്‍നിന്നും  വകയിരുത്തിയിരുത്തുന്ന ആറ് ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് കറവപ്പശുക്കളെ വാങ്ങിനല്‍കുന്നതിന് വിനിയോഗിക്കും.


റബര്‍ മാറ്റ്, പ്രഷര്‍ വാഷര്‍, യൂറിന്‍ ടാങ്ക്, കമ്പോസ്റ്റ് പിറ്റ് തുടങ്ങി സംവിധാനങ്ങളുള്ള കാലിതൊഴുത്ത് നിര്‍മ്മിക്കുന്നതിന് 110000 രൂപയാണ് ബാങ്ക് ലോണായി ഗുണഭോക്താവിന് ലഭ്യമാകുക. പണിപൂര്‍ത്തിയായി ബ്ലോക്ക് പഞ്ചായത്തില്‍ ബില്ല് സമര്‍പ്പിക്കുന്നമുറയ്ക്ക് ചെലവഴിച്ച തുക കര്‍ഷകന് ലോണ്‍ എടുത്ത അക്കൗണ്ടില്‍ ലഭ്യമാക്കും,  ഒരു കറവ പശുവിനെകൂടി വാങ്ങിനല്‍കും.60000 രൂപ വിലയുള്ള കറവപശുവിനെ  മുപ്പതിനായിരം രൂപ സബ്‌സിഡിയില്‍  ലഭിക്കും. കാലിത്തൊഴുത്ത് നിര്‍മ്മാണത്തിന് കറവപശു  വാങ്ങുന്നതിനുംചേര്‍ത്ത് പദ്ധതിയുടെ ഗുണഭോക്താവിന് 170000 രൂപ പൂര്‍ണമായി ലഭിക്കും. തൊഴിലുറപ്പ് പദ്ധതി വഴി മുന്‍പ് കാലിതൊഴുത്ത് ലഭിച്ച ഗുണഭോക്താക്കളെയും ജനകീയാസൂത്രണം വഴി കറവപശുവിനെ ലഭ്യമാക്കുന്നതിന് പരിഗണിക്കും.

2024-25 ല്‍ പത്തനാപുരം ബ്ലോക്കിന്റെ ഗോകുലം ഡയറി പദ്ധതിക്ക് 20 ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഈ സാമ്പത്തിക വര്‍ഷം 25 ലധികം ക്ഷീര കര്‍ഷകരായ വനിതകളെയാണ് സ്വയംപര്യാപ്തരാക്കാന്‍ ലക്ഷ്യമിടുന്നത്.  

ഗ്രാമപഞ്ചായത്തുകള്‍  തിരഞ്ഞെടുക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായ വനിതകളെ ഉള്‍പ്പെടുത്തി ബ്ലോക്ക്തല ക്ലസ്റ്റര്‍ രൂപീകരിക്കുക, വനിതകള്‍ക്ക് പരിശീലനംനല്‍കി പ്രവര്‍ത്തനം ശരിയായരീതിയില്‍ നിരീക്ഷിച്ച് ക്ഷീരസംഘങ്ങള്‍ വഴി പാല്‍വിപണനത്തിന് സംവിധാനം ഒരുക്കുക തുടങ്ങിയ തുടര്‍പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുമെന്ന് പ്രസിഡന്റ് എ ആനന്ദവല്ലി പറഞ്ഞു.