ആരോഗ്യമേഖലയിൽ വികസനക്കുതിപ്പ് ; കൊല്ലത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കൊല്ലം ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ വികസന പദ്ധതികൾ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്തു.
കുമ്മിള്‍ , പോരുവഴി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പുതിയ കെട്ടിടങ്ങൾ ,അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിര്‍മിച്ച ബഹുനില ആശുപത്രിമന്ദിരം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് ലാബ്,എസ്.എന്‍ പുരം കുടുംബാരോഗ്യകേന്ദ്രത്തിൽ നിര്‍മിച്ച പുതിയ രണ്ടാംനില,പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികൾ എന്നിവയാണ് ഉദ്‌ഘാടനം ചെയ്തത്.
കുമ്മിള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
പ്രതിവര്‍ഷം 1600 കോടി രൂപ സൗജന്യചികിത്സയ്ക്കായി ചെലവഴിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്
കൊല്ലം കുമ്മിള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് പ്രതിവര്‍ഷം 1600 കോടിരൂപ ആരോഗ്യവകുപ്പ് സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു .
സര്‍ക്കാര്‍ ആശുപത്രി മുഖേന ആറര ലക്ഷം പേര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കി.10,000 കോടി രൂപ ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചു.അര്‍ബുദചികിത്സ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തി. 45 ലക്ഷം രൂപ ചെലവ് വരുന്ന കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ, ഹൃദയശസ്ത്രക്രിയ, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവ സൗജന്യമായും മിതമായനിരക്കിലും നടത്തിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി രജിസ്‌ട്രേഷനുകള്‍ 13 കോടിരൂപയ്ക്കുള്ളതായി. കുമ്മിള്‍ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ദേവ്കിരണ്‍ പദ്ധതി അവതരിപ്പിച്ചു. കുമ്മിള്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ വികസനഫണ്ടില്‍നിന്നും 14,25000 രൂപയും പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച 37,96000 രൂപയും എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 1.43 കോടി രൂപയും ചെലവഴിച്ചാണ് കുമ്മിള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയത്. കണ്‍സള്‍ട്ടേഷന്‍ റൂം, നഴ്‌സിങ് മുറി, ഫാര്‍മസി, നിരീക്ഷണ മുറി, വിശാലമായ കാത്തിരുപ്പ് സൗകര്യം ഉള്‍പ്പടെയാണ് സജ്ജമാക്കിയത്. എം.എല്‍.എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാംനില നിര്‍മാണവും ആരംഭിക്കും.
കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണപിള്ള, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ബീന, എന്‍.ആര്‍.ഇ.ജി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ്.രാജേന്ദ്രന്‍, കിംസാറ്റ് ചെയര്‍മാന്‍ എസ്.വിക്രമന്‍, കാംകോ ഡയറക്ടര്‍ എസ്.ബുഹാരി, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയുള്ള ഡോ. എം.എസ് അനു, മെഡിക്കല്‍ ഓഫീസര്‍ ഡോ.രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പോരുവഴി കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പിച്ചു
ശാസ്താംകോട്ട താലൂക്ക് ആശുപത്രിനിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
പോരുവഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് പ്രയോജനകരമായരീതിയില്‍ ആരോഗ്യകേന്ദ്രങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് വിവിധപദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ മിഷന്റെ 1,43,00000 രൂപ ഫണ്ട് ചെലവഴിച്ച് മലനട ദേവസ്വം നല്‍കിയ ഭൂമിയിലാണ് പോരുവഴി കുടുംബാരോഗ്യകേന്ദ്രം നിര്‍മിച്ചത്.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. കീമോതെറാപ്പി രോഗികള്‍ക്കുള്ള ധനസഹായം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുന്ദരേശനും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മയും വിതരണംചെയ്തു.
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ദേവ്കിരണ്‍ പദ്ധതി വിശദീകരിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി, സ്ഥിരംസമിതി അധ്യക്ഷരായ എസ്.ഷീജ, രാജേഷ് വരവിള, നമ്പൂരേത്ത് തുളസീധരന്‍ പിള്ള, പ്രസന്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍.രാജേഷ്, അരുണ്‍ ഉത്തമന്‍, ഫിലിപ്പ്, കെ.ശാന്ത, സ്മിത, ശ്രീത സുനില്‍, നിഖില്‍ മനോഹര്‍, ജി.മോഹനന്‍ പിള്ള, എഫ്.ഷീബ, പ്രിയ സത്യന്‍, മലനട ദേവസ്വം സെക്രട്ടറി ബിജുകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയുളള ഡോ.എം.എസ്. അനു, പോരുവഴി മെഡിക്കല്‍ ഓഫീസര്‍ ഡോ.സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ ബഹുനില കെട്ടിടം
ആരോഗ്യ മേഖലയില്‍ ഏറ്റവുമധികം വികസനം നടപ്പിലാക്കിയ കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ്
കൊല്ലം അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിര്‍മിച്ച ബഹുനില ആശുപത്രിമന്ദിരത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് ലാബിന്റെയും ഉദ്ഘാടനം ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഏറ്റവുമധികം വികസനം നടപ്പാക്കിയ കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രികള്‍ കൂടുതല്‍ രോഗീ-പൊതുജന സൗഹൃദമാക്കി. ശുചിത്വം, മരുന്നുകളുടെ ലഭ്യത, ആരോഗ്യപ്രവര്‍ത്തകരുടെസേവനം തുടങ്ങിയവ ഉറപ്പാക്കിയാണ് പ്രവര്‍ത്തനം.
സംസ്ഥാനത്തെ മുഴുവന്‍ലാബുകളെയും ഒരുശൃംഖലയായി ബന്ധിപ്പിക്കുന്ന ‘നിര്‍ണയ' പദ്ധതി അന്തിമഘട്ടത്തിലാണ്. ഏതെങ്കിലും ടെസ്റ്റ് നടത്താന്‍ സൗകര്യം ഇല്ലാത്ത ലാബില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് ഇതര ലാബുകളിലേക്ക് അയച്ച് ഫലമറിയുന്നതിന് പദ്ധതി പ്രയോജനപ്പെടുത്താം. കരള്‍, മജ്ജ, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കാസ്പ് മുഖേന സൗജന്യമായും മിതമായ നിരക്കിലും സാധ്യമാക്കി. എന്‍.എസ്.എസ്.ഒ.യുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പ്രതിവര്‍ഷചികിത്സാചെലവ് 19000 രൂപയില്‍ നിന്ന് 9000 രൂപയായി കുറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജില്‍ വരെ നടപ്പാക്കിയ അടിസ്ഥാന സൗകര്യവികസനമാണ് ഇതിന് വഴിയൊരുക്കിയതന്നും മന്ത്രി പറഞ്ഞു.
2020-21 എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെയും ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.13 കോടി രൂപയും ചെലവഴിച്ചാണ് ബഹുനില ആശുപത്രി മന്ദിരവും പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് ലാബും പൂര്‍ത്തിയാക്കിയത്. 80ലധികം പരിശോധനകള്‍ ലാബില്‍ നടത്താം.
പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. നൗഷാദ്, ആര്യലാല്‍, എം. ജയശ്രീ, കെ.ശശിധരന്‍, സ്ഥിരംസമിതി അധ്യക്ഷര്‍, മറ്റ് ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.എന്‍ പുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ രണ്ടാം നില ഉദ്ഘാടനം ചെയ്തു
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ എസ്.എന്‍ പുരം കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച രണ്ടാംനിലയുടെ ഉദ്ഘാടനം ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മുന്‍ എം.പി കെ.സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുമലാല്‍, ആര്‍ രശ്മി, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ബി ശശികല, സ്ഥിരംസമിതി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പുതിയ പദ്ധതികള്‍
മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു.
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ മികവിന്റെ അടയാളപ്പെടുത്തലാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 2022ല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് കോളജ് തുടങ്ങി. 2024ല്‍ 49 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. 34 പി.ജി സീറ്റുകള്‍ അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ബി.എസ്.സി നഴ്‌സിങ് സീറ്റുകള്‍ 1200ലേക്ക് ഉയര്‍ത്തി. 80 പി.ജി സീറ്റുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിച്ചു. മെഡിക്കല്‍ കോളജുകളില്‍ വിവിധ വിഭാഗങ്ങള്‍, ഫെലോഷിപ്പ് തുടങ്ങിയവ കൊണ്ടുവന്നു. ദേശീയ റാങ്കിങില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇടംപിടിച്ചതായും മന്ത്രി പറഞ്ഞു.
30 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ ജീവിതശൈലി രോഗങ്ങളുടെ പരിശോധനനടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആപ്പ് വികസിപ്പിച്ച് ആശപ്രവര്‍ത്തകര്‍ മുഖേന സര്‍വേനടത്തി കൃത്യമായ ചികിത്സ എത്തിക്കാന്‍വേണ്ട സംവിധാനവും ഒരുക്കി. ആരോഗ്യമേഖലയില്‍ 10,000 കോടി രൂപയുടെ വികസനം നടപ്പാക്കി. ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് സംവിധാനം സജ്ജമാക്കി. 116 ആരോഗ്യസ്ഥാപനങ്ങളില്‍ ഡയാലിസിസ് സംവിധാനവും കൊണ്ടുവന്നു. ആര്‍ദ്രം പദ്ധതി മുഖേന താലൂക്കാശുപത്രി മുതല്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ നടത്തുന്നു-മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗൈനക് ബ്ലോക്കും ലക്ഷ്യ ലേബര്‍ റൂമും എച്ച്.ഡി.എസ് പേ വാര്‍ഡ്, എച്ച്.ഡി.എസ്. പേയിങ് ഫാര്‍മസി, ജെറിയാട്രിക് ഒ.പി, വയോജന ക്ലിനിക്, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി, ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ബോധിക അക്കാഡമിക് പാര്‍ക്ക് ആന്‍ഡ് പബ്ലിക് ലൈബ്രറി, സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, ചിറക് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്‌ട്രോ ടര്‍ഫ് തുടങ്ങി നാല് കോടിയിലധികം രൂപയുടെ പദ്ധതികളാണ് നാടിനു സമര്‍പ്പിച്ചത്.
ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന്‍ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, എച്ച് ആന്‍ഡ് എഫ്.ഡബ്ല്യു.ഡി അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍, സര്‍ക്കാര്‍ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എല്‍ സിന്ധു, ആശുപത്രി വികസനസമിതി അംഗങ്ങളായ വി.രഘുനാഥന്‍, ജെ.സി.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.