ദേശീയ പുകയില നിയന്ത്രണം; ഏകോപന സമിതി യോഗം ചേര്‍ന്നു

ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള കൊല്ലം ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ എല്ലാ സ്‌കൂളുകളും പഞ്ചായത്തുകളും പുകയില രഹിത ഇടങ്ങളാക്കാന്‍ വിപുലമായ ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി ജില്ലയിലെ എല്ലാ സ്‌കൂളുകളും പരിസരങ്ങളും പുകയിലരഹിതമാക്കും. സ്‌കൂളുകളുടെ നൂറു വാര ചുറ്റളവില്‍ പുകയില ഉപയോഗവും വില്‍പ്പനയും ഇല്ലെന്ന് ഉറപ്പാക്കും. പോലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തും. എസ്.പി.സി സ്‌ക്വാഡ് ഉപയോഗിച്ചും പരിശോധന ഉണ്ടാവും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ 'പുകയില രഹിത പ്രദേശ' സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. പ്രവേശന കവാടത്തിലും ചുറ്റുമതിലിലും 'പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപന' സൂചന ബോര്‍ഡുകളും സ്ഥാപിക്കും. പുകയിലയുടെ ദൂഷ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ബോധവത്ക്കരണ പോസ്റ്ററുകളും പതിക്കും. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ക്യാമ്പയിന്‍ വിപുലമാക്കും. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും പുകയില നിയന്ത്രണ പരിപാടിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ ഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം എസ് അനു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.