കരുനാഗപ്പള്ളിയും അതിദാരിദ്ര്യമുക്തിയിലേക്ക്

post

അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള സര്‍ക്കാരിന്റെ ചുവട് വെയ്പിന് മികവുറ്റപിന്തുണയേകി കൊല്ലം കരുനാഗപ്പള്ളി നഗരസഭയും. സമഗ്രവും പ്രായോഗികവുമായ പദ്ധതികളാണ് നടപ്പിലാക്കിയത്.  2022-2023 സാമ്പത്തികവര്‍ഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവരശേഖരണത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തി. കുടുംബങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു  വിവരശേഖരണം. ഓരോ വാര്‍ഡിലും പരിശീലനം നല്‍കിയ ഒരു ഉദ്യോഗസ്ഥന്‍, രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമുകളെയാണ് നിയോഗിച്ചത്. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമപട്ടിക തയ്യാറാക്കി.

ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ മാനദണ്ഡങ്ങളിലൂടെയാണ് അതിദരിദ്ര കുടുംബങ്ങളെ തിട്ടപ്പെടുത്തിയത്. പട്ടികയില്‍ ഉള്‍പ്പെട്ട 32 കുടുംബങ്ങളില്‍ ഭൂമി/ഭവനം ആവശ്യമുള്ളവര്‍, ഭവനം ആവശ്യമുള്ളവര്‍, ഭക്ഷണധാന്യം വേണ്ടവര്‍, വൈദ്യസഹായം-ജീവനോപാധി വേണ്ടവര്‍ എന്നിങ്ങനെ തരംതിരിച്ച് അഞ്ച് മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. നാല് കുടുംബങ്ങള്‍ വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരും 11 പേര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ അവശത അനുഭവിക്കുന്നവരും 11 പേര്‍ ആഹാരലഭ്യതയ്ക്ക് പരിമിതിയുള്ളവരും 4 പേര്‍ വാസയോഗ്യമായ ഭവനങ്ങള്‍ ഇല്ലാത്തവരും 5 പേര്‍ ഭൂമി ഇല്ലാത്തവരുമായാണ് കണക്കാക്കിയത്.

രണ്ടാം ഘട്ടത്തില്‍ പട്ടികപ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം വെളിച്ചെണ്ണ, മാവ്, ഉഴുന്ന്, കറിപൗഡറുകള്‍, പയര്‍, എന്നിങ്ങനെ 18 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യധാന്യകിറ്റ് നല്‍കി. മെഡിക്കല്‍ ക്യാമ്പ് നടത്തി മൈനാഗപ്പള്ളി കുടുംബാരോഗ്യകേന്ദ്രം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങള്‍ മുഖേന മരുന്നുകള്‍ നല്‍കി. ആവശ്യമുള്ളവര്‍ക്ക് വൈദ്യുതി-കുടിവെള്ള കണക്ഷനുകള്‍ ഉറപ്പാക്കി.

2024-25 സാമ്പത്തികവര്‍ഷം അതിദാരിദ്ര്യനിര്‍മാര്‍ജന പട്ടിക വീണ്ടും പരിശോധനാവിധേയമാക്കി. മരണപ്പെട്ടവരൊഴികെ നിലവില്‍  27 കുടുംബങ്ങളെയാണ് നഗരസഭ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. നാലുപേര്‍ക്ക് ഭൂമിയും വീടും ഉണ്ടായിരുന്നില്ല. നഗരസഭയുടെ പരിധിയില്‍ കേശവപുരത്തുള്ള 28 സെന്റ് ഭൂമിയില്‍ നിന്ന് മൂന്നുസെന്റ് ഭൂമിവീതം നാലുപേര്‍ക്ക് സൗജന്യമായി വീട് ഒക്ടോബറില്‍ വച്ചുനല്‍കും. ഭവനപദ്ധതി പ്രകാരം നഗരസഭയുടെ  നാല് ലക്ഷം രൂപയും സന്നദ്ധ സംഘടനകളുടെ 5 ലക്ഷം രൂപ വീതവും വകയിരുത്തി. 450 ചതുരശ്രയടിയാണ് ഓരോ വീടിന്റെയും വിസ്തീര്‍ണം.

 സ്വന്തമായിഭൂമിയുള്ള രണ്ട് ഭവനരഹിതര്‍ക്ക് നഗരസഭപദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മ്മിച്ച് നല്‍കി. ഭൂമിയില്ലാത്ത നാല് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയില്‍ കുടുംബശ്രീയും പങ്കാളിയായി. ഓരോ അയല്‍ക്കൂട്ട അംഗങ്ങളില്‍നിന്നും സമാഹരിച്ച സ്‌നേഹനിധി ഫണ്ട് നഗരസഭയ്ക്ക് കൈമാറി.  ഉജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ വഴി ആറ് ഗുണഭോക്താക്കള്‍ക്ക് ഉപജീവനമാര്‍ഗമായി പെട്ടിക്കട നല്‍കി.  27 ഗുണഭോക്താക്കള്‍ക്ക് എല്ലാ മാസവും ഭക്ഷ്യധാന്യകിറ്റും മരുന്നുകളും ഉറപ്പാക്കുന്നു. നടപ്പു സാമ്പത്തികവര്‍ഷത്തെ കണക്കുപ്രകാരം ഇതുവരെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി 50 ലക്ഷത്തിലധികം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. വീടുകളുടെ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതോടെ കരുനാഗപ്പള്ളി നഗരസഭ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പടിപ്പുര ലത്തീഫ് വ്യക്തമാക്കി.