വയോജനങ്ങള്‍ക്ക് സുന്ദരസായാഹ്നങ്ങളൊരുക്കാന്‍ മുഖത്തല ബ്ലോക്ക്പഞ്ചായത്ത്

post

വയോജനങ്ങളുടെ ജീവിതസായാഹ്നം സുന്ദരമാക്കാനുള്ള പദ്ധതിയുമായി കൊല്ലം മുഖത്തല ബ്ലോക്ക്പഞ്ചായത്ത്. ‘സുന്ദര സായാഹ്നം അറ്റ് മുഖത്തല’ പേരുപോലെ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വൃദ്ധജനങ്ങളെ സമൂഹത്തിന്റെമുഖ്യധാരയില്‍ ഉറപ്പാക്കുക, കൂട്ടായ്മ സൃഷ്ടിച്ചുള്ള മാനസികഉല്ലാസം, സര്‍ഗാത്മകവാസനകളുടെ പ്രോത്സാഹനം, ഹാപ്പിനെസ്സ് പ്രോഗ്രാമുകള്‍, മെഡിക്കല്‍ക്യാമ്പുകള്‍, ഉല്ലാസയാത്ര, യോഗാ പരിശീലനം, ബോധവല്‍ക്കരണ ക്യാമ്പുകള്‍, കൈത്തൊഴിലുകളുടെ പരിശീലനം തുടങ്ങിയവയാണ് നടപ്പിലാക്കുക.

പഞ്ചായത്തിലെ 60 വയസിന്മുകളില്‍പ്രായമുള്ള സ്ത്രീകളും പുരുഷ•ാരുമാണ് ഉപഭോക്താക്കള്‍. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. എല്ലാ ഡിവിഷനുകളിലും വയോജന കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു ഡിവിഷനില്‍ 25 അംഗങ്ങള്‍ മുതല്‍ 45 വരെയുണ്ട്. മാസത്തില്‍ ഒരു ദിവസം വൈകുന്നേരങ്ങളില്‍ യോഗംചേരുന്നു. അംഗനവാടി, ലൈബ്രറി തുടങ്ങിയ പൊതുഇടങ്ങളിലാണ് യോഗം. സാമൂഹ്യ സേവനത്തില്‍ ബിരുദമുള്ള ഒരു ഫെസിലിറ്റേറ്ററിനെ നിയമിച്ചിട്ടുണ്ട്. 500 പേര്‍ വയോജനകൂട്ടായ്മയില്‍ അംഗങ്ങളായുണ്ട്.

വിരമിച്ച ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടേയും നേതൃത്വത്തില്‍ ഓരോ ഡിവിഷനുകളിലും നിയമപരിരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നടത്തിവരുന്നു. വയോജനങ്ങള്‍നേരിടുന്ന പ്രശ്‌നങ്ങള്‍മനസ്സിലാക്കി കൗണ്‍സിലിങ്, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയും നല്‍കിവരുന്നു.

 2024 -25 സാമ്പത്തിക വര്‍ഷം കണ്ണനല്ലൂര്‍, തൃക്കോവില്‍വട്ടം, കുരീപള്ളി, പുല്ലിച്ചിറ ഡിവിഷനിലെ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച വിനോദയാത്രയില്‍ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം, വിഴിഞ്ഞം സീ പോര്‍ട്ട്, ആഴിമല, തൃപ്പരപ്പ്, തക്കല കൊട്ടാരം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. 2025-26 സാമ്പത്തിക വര്‍ഷത്തെ സുന്ദരസായാഹ്നം പദ്ധതി പ്രകാരമുള്ള ഉല്ലാസയാത്രയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.

ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച യോഗപരിശീലകരുടെ നേതൃത്വത്തില്‍ വയോജനക്ലബ്ബുകളില്‍ യോഗക്ലാസുകളും നടത്തുന്നു. 25 ദിവസത്തെ ക്ലാസുകളാണ് നല്‍കുന്നത്. ഓരോ ഡിവിഷനിലും യോഗക്ലാസുകള്‍ നല്‍കുന്നതിനായി പൊതുസ്ഥലങ്ങള്‍കണ്ടെത്തി പരിശീലനം നല്‍കും. ക്ലാസുകള്‍ നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഇന്‍സ്ട്രക്ടറെ നിയോഗിച്ചിട്ടുണ്ട്.

മുതിര്‍ന്ന പൗര•ാരുടെ സര്‍ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വയോജനോത്സവം സംഘടിപ്പിച്ചു. 300 പേരാണ് ഒപ്പന, കൈകൊട്ടികളി, കവിത, പ്രച്ഛന്നവേഷം തുടങ്ങിയ കലാപരിപാടികളില്‍ പങ്കെടുത്തത്. സമ്മാനവും ബ്ലോക്ക് പഞ്ചായത്ത് നല്‍കിയിരുന്നു.

വയോജനങ്ങള്‍ക്ക് ലഘുസമ്പാദ്യം ഉറപ്പാക്കുന്നതിനായി കൈത്തൊഴില്‍പരിശീലനവും നല്‍കുന്നുണ്ട്. ചവിട്ടി നിര്‍മാണം, സോപ്പ് നിര്‍മാണം പേപ്പര്‍ബാഗ് നിര്‍മാണം തുടങ്ങി ഒട്ടേറെ കൈത്തൊഴിലുകളുടെ പരിശീലനമാണ്‌നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സുന്ദര സായാഹ്നം പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണെന്നും വയോജനങ്ങള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പ് താമസിയാതെ സംഘടിപ്പിക്കുമെന്നും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ പറഞ്ഞു.