കൊല്ലം ജില്ലാ വികസനസമിതി യോഗം : അതിദാരിദ്ര്യനിര്‍മാര്‍ജനയജ്ഞത്തില്‍ മികച്ച പുരോഗതി

കൊല്ലം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയിൽ ജില്ലാ വികസനസമിതി യോഗം ചേർന്നു.നാടിനെ അതിദാരിദ്ര്യമുക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച അതിദാരിദ്ര്യ നിര്‍മാര്‍ജനയജ്ഞത്തിന് ജില്ലയില്‍ മികച്ച പുരോഗതിയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
സമ്പൂര്‍ണ അതിദാരിദ്ര്യമുക്തപ്രഖ്യാപനം നിശ്ചിത സമയത്ത് നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിക്കായി നിരാക്ഷേപ പത്രം, സമ്മതപത്രം തുടങ്ങിയവ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരപ്രാധാന്യത്തോടെ കുറ്റമറ്റനിലയില്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചു.
ദേശീയപാത 66 ലേക്ക് നിര്‍മാണസാമഗ്രികളുമായി എത്തുന്ന ടോറസ് ലോറികളുടെ അമിതവേഗതയും ഭാരവും നിയന്ത്രിക്കുന്നതിന് ആര്‍.ടി.ഒ, പോലീസ് സംയുക്ത പരിശോധനയാണ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടത്. കടമ്പുഴ-കരുനാഗപ്പള്ളി റൂട്ടില്‍ ഞായറാഴ്ചകളിലും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തണം. ചേലങ്കരമുക്ക്-കാരാളിമുക്ക് റോഡിലെ കുഴികള്‍ നികത്തണമെന്നും നിര്‍ദ്ദേശിച്ചു.
ഇളമ്പള്ളൂര്‍ സ്‌കൂളിന് മുന്നിലുള്ള വെള്ളക്കെട്ട് പരിഹരിക്കണം, കുണ്ടറ- ശിങ്കാരപള്ളി ബസ് സര്‍വീസ് വീണ്ടുംതുടങ്ങണം, കുണ്ടറ-മണ്‍ട്രോത്തുരുത്ത് റോഡ് നിര്‍മാണം വേഗത്തിലാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പി.സി വിഷ്ണുനാഥ് എം.എല്‍.എ ഉന്നയിച്ചു.
പത്തനാപുരം-പുനലൂര്‍ റോഡിലെ അപകടസാഹചര്യം ഒഴിവാക്കുന്നതിന് ശാസ്ത്രീയ പഠനം നടത്തി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി.എ സജിമോന്‍ ശ്രദ്ധയില്‍പ്പെടുത്തി. കിഴക്കേകല്ലട, മണ്‍ട്രോത്തുരുത്ത് വില്ലേജുകള്‍ കൊല്ലം താലൂക്ക് പരിധിയിലാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍. കരുനാഗപ്പള്ളി താലൂക്കില്‍ ലഹരിവസ്തുക്കളുടെ വിപണനം ഇല്ലായെന്ന് ഉറപ്പുവരുത്താനാണ് കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.
തെക്കുംഭാഗം- കാടന്തുരുത്ത് പാലം സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കണമെന്ന് സുജിത്ത് വിജയന്‍പിള്ള എം.എല്‍.എയുടെ പ്രതിനിധിയും ആര്യമ്പാടം വൈദ്യുതീകരണം സംബന്ധിച്ച ഫണ്ട് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ സി.ആര്‍ മഹേഷ് എം.എല്‍.എയുടെ പ്രതിനിധിയും ആവശ്യപ്പെട്ടു.
എ.ഡി.എം ജി.നിര്‍മല്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസറുടെ ചുമതലയുള്ള എം. ആര്‍. ജയഗീത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.