മാനന്തേരി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

post

മാനന്തേരി സ്മാർട്ട് വില്ലേജ് ഓഫീസ് കൂടി പൊതുജനത്തിന് സമർപ്പിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ 628 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആയി മാറിയെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. മാനന്തേരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 883 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ് സർക്കാർ ഓഫീസുകൾ ജനപ്രിയവും ജനസൗഹൃദവുമായി മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപന ഓഫിസുകൾ വഴിയുള്ള പ്രവർത്തനങ്ങൾ സുഗമമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി കെ-സ്മാർട്ട്‌ സംവിധാനം ഏർപ്പെടുത്തി. സമാനമായ രീതിയിൽ റവന്യു സേവനങ്ങൾ പ്രവാസികൾക്ക് പോലും ഓൺലൈനായി ചെയ്യാൻ സാധിക്കും വിധത്തിൽ റവന്യു വകുപ്പ് അതിവേഗം ഡിജിറ്റൽ ആകുകയാണ്. സംസ്ഥാനത്തെ കുടുംബങ്ങളുടെ വിവരങ്ങൾ ഡിജി ലോക്കറിൽ ആക്കിയ ഡിജിറ്റൽ റവന്യു കാർഡ് ഏർപ്പെടുത്തുന്നതോടെ വിപ്ലവകരമായ മാറ്റമായിരിക്കും റവന്യു നടപടികളിൽ ഉണ്ടാവുക എന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ മുടക്കിയാണ് മാനന്തേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണികഴിപ്പിച്ചത്. 

കെ. കെ. ശൈലജ ടീച്ചർ എം. എൽ. എ ഓൺലൈൻ ആയി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, ജില്ലാപഞ്ചായത്ത് സ്ഥിരസമിതി ചെയർപേഴ്സൺമാരായ യു പി ശോഭ, വി. കെ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ. ഗംഗാധരൻ മാസ്റ്റർ, പി. വി സുരേന്ദ്രൻ, വാർഡ് മെമ്പർ രമ്യ രജീഷ്, പൊതുപ്രവർത്തകരായ ടി പവിത്രൻ, സി വിജയൻ, പി. പി പുരുഷോത്തമൻ, മോഹനൻ മാനന്തേരി, കെ കെ റഫീഖ്, സി കെ പുരുഷോത്തമൻ, എൻ വിജയൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.