പകിട്ടേറിയ പൊതുവിദ്യാലയ മാതൃക; മികവ് കാട്ടി കാട്ടാമ്പള്ളി യു.പി. സ്‌കൂൾ

പാട്ടും കഥയും കളികളുമായി കുരുന്നുകൾ പഠനം ആഘോഷമാക്കുമ്പോൾ, ക്ലാസ് റൂമിൽ സജ്ജമാക്കിയ സ്മാർട്ട് ടിവിയിലൂടെ കുട്ടികൾക്കു മുന്നിൽ പാഠഭാഗങ്ങൾ അവതരിപ്പിച്ച് അധ്യാപകരും അറിവിന്റെ ആധുനിക കാലത്തേക്ക് അവരെ നയിക്കുന്നു. കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി സ്‌കൂളിൽ പഠനം വേറെ ലെവലാണ്. മികച്ച ഭൗതികസാഹചര്യം, മികവാർന്ന ഗുണമേന്മാ വിദ്യാഭ്യാസം എന്നത് നാടിന്റെയും കുട്ടിയുടെയും അവകാശമാണെന്ന് അടിവരയിടുകയാണ് ഈ സർക്കാർ സ്‌കൂൾ. സ്‌കൂൾ കെട്ടിടങ്ങളെയും ഇടങ്ങളെയും പഠനോപകരണങ്ങളാക്കി മാറ്റുകയും സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ് മുറികൾ ഉറപ്പാക്കുകയും ചെയ്തുകൊണ്ടാണ് ഇവിടെ വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കുന്നത്.
എൽ.പി. വിഭാഗത്തിലെ 16 ക്ലാസ്മുറികളിലും സ്മാർട് ടി വികൾ സജ്ജമാക്കിയിട്ടുണ്ട്. ഇവ അധ്യാപകർക്ക് മൊബൈലിൽ പ്രവർത്തിപ്പിക്കുവാൻ സാധിക്കും. യു.പി വിഭാഗത്തിലെ പത്ത് ക്ലാസുകളിലും ലാപ്ടോപ് പ്രൊജക്ടർ സംവിധാനമുണ്ട്. ഇതോടൊപ്പം എയർകണ്ടീഷൻ ചെയ്ത കമ്പ്യൂട്ടർ ലാബ്, സൗരോർജ പാനലുകൾ, സ്മാർട് ബെൽ സിസ്റ്റവും അനൗൺസ്മെന്റും സ്‌കൂളിലുണ്ട്. സ്വകാര്യ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെയും വെല്ലുന്ന ആധുനിക സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
എല്ലാ നിലകളിലും ടോയ്ലറ്റ് -ബാത്ത്റൂം സൗകര്യവും ഒരുങ്ങിക്കഴിഞ്ഞു. ടെൻ സ്റ്റാർ പദവി നേടിയ ഹരിതവിദ്യാലയം കൂടിയാണിത്. മാതൃകാപരമായ ജൈവവൈവിധ്യ പാർക്കും ഇവിടുത്തെ പ്രത്യേകതയാണ്. ഓരോ ക്ലാസിലും പ്രത്യേക ലൈബ്രറിയും സജ്ജമാക്കിക്കൊണ്ട് പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഇവിടെ നൽകുന്നത്. പ്രീപ്രൈമറി ക്ലാസുൾപ്പെടെ 800 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിയാണ് കെട്ടിടങ്ങളടക്കം നിർമ്മിച്ചിരിക്കുന്നത്.
ചിറക്കൽ പഞ്ചായത്തിന്റെ ചിറകിലേറി പശ്ചാത്തല സൗകര്യത്തിലും അക്കാദമിക് രംഗങ്ങളിലും മുന്നേറിയ കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്‌കൂളിൽ വികസന പ്രവർത്തനങ്ങൾ തുടരുകയാണ്. കിഫ്ബിയിൽ അനുവദിച്ച രണ്ടുകോടി ഉപയോഗിച്ച് ഒമ്പത് ക്ലാസ് മുറികളുള്ള കെട്ടിടനിർമാണം പൂർത്തിയായി. ഒരുകോടി രൂപ ചെലവിൽ ആധുനിക ഓഡിറ്റോറിയം നിർമിക്കാനൊരുങ്ങുന്നു. പഞ്ചായത്തിനൊപ്പം സർക്കാരിന്റെയും എം.എൽ.എയുടെയും ഫണ്ടുകളും എത്തിയപ്പോൾ ജില്ലയിലെ തന്നെ മികച്ച സ്‌കൂളെന്ന നേട്ടത്തിലേക്ക് നടന്നു കയറുകയാണ് ഈ വിദ്യാലയം.
1920 കളിൽ പ്രവർത്തനമാരംഭിച്ച സ്‌കൂൾ 2010 ലാണ് ഇന്നുള്ള കെട്ടിടത്തിലേക്ക് മാറിയത്. ഇംഗ്ലീഷ് - മലയാളം മീഡിയം ഡിവിഷനുകളും പ്രീ പ്രൈമറി വിഭാഗവും സ്‌കൂളിൽ പ്രവർത്തിക്കുന്നു. കാലത്തെ വെല്ലുന്ന, മികവിന്റെ പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ നേർചിത്രമാണ് കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്‌കൂളിലും തെളിയുന്നത്.