ജലമാണ് ജീവൻ: കിണറുകളിലെ ക്ലോറിനേഷന് തുടക്കമായി

post

അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ജലമാണ് ജീവൻ' ജനകീയ തീവ്ര കർമപരിപാടിയുടെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന ആദ്യഘട്ട പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി.

മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും അമീബയുടെ സാന്നിദ്ധ്യമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'ജലമാണ് ജീവൻ' ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്.

 ജില്ലയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഞായറാഴ്ചയും തുടരും. ഈ ദിവസങ്ങളിൽ പൂർത്തിയാകാത്ത ഇടങ്ങളിൽ മറ്റ് ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തും. തോടുകൾ, കിണറുകൾ, മറ്റ് ജലാശയങ്ങൾ എന്നിവ ശുചീകരിക്കാനുള്ള വിപുലമായ ശ്രമങ്ങളും ജില്ലയിൽ ഏറ്റെടുക്കുന്നുണ്ട്. ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡർ/ക്ലോറിൻ ഗുളികകൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ലഭ്യമാക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ എട്ട് മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ വഴിയുള്ള ബോധവത്കരണവും സംഘടിപ്പിക്കും. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം ഉപയോഗിച്ച് വിപുലമായ ജല പരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സെപ്റ്റംബർ 20 മുതൽ നവംബർ ഒന്ന് വരെ ജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയിൽ മാലിന്യം എത്തുന്ന വഴികൾ അടയ്ക്കലും ഉൾപ്പെടെ പൊതു ജലസ്രോതസ്സുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും ജനകീയ സഹകരണത്തോടെ സംഘടിപ്പിക്കും.

ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തി ജനകീയ കർമപരിപാടിയായാണ് ജലമാണ് ജീവൻ ക്യാമ്പയിൻ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ എന്നിവ ഏകോപിപ്പിച്ചാണ് കർമപരിപാടി സംഘടിപ്പിക്കുന്നത്.