ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഉദ്‌ഘാടനം ചെയ്തു;രണ്ടാംഘട്ട നിർമാണം ഉടൻ

ചരിത്രം തമസ്കരിക്കപ്പെടുമ്പോൾ മ്യൂസിയങ്ങൾ ചരിത്രത്തിന്റെ കാവൽപ്പുരകളായി മാറും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ ചെമ്പന്തൊട്ടിയിൽ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മ്യൂസിയങ്ങൾ ചരിത്രത്തിന്റെ കാവൽപ്പുരകളായി മാറുമെന്ന് മന്ത്രി പറഞ്ഞു.
മ്യൂസിയങ്ങളുടെ പ്രാധാന്യം മനസിലാക്കി സംസ്ഥാന സർക്കാർ കണ്ണൂരിൽ ഒൻപത് വർഷം കൊണ്ട് എട്ട് മ്യൂസിയങ്ങളാണ് പൂർത്തിയാക്കിയതെന്ന് മന്ത്രി അറിയിച്ചു. മലബാർ കുടിയേറ്റത്തിന്റെ കഥ പറയുന്ന കുടിയേറ്റ മ്യൂസിയത്തിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഇന്നത്തെ മലബാറിനെ രൂപപ്പെടുത്തുന്നതിലും കേരള വികസനത്തിന് സഹായമാവുന്നതിലും കുടിയേറ്റം വഹിച്ച പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്യാലറികളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇത് സമ്പൂർണ മ്യൂസിയം പദ്ധതിയുടെ ആമുഖ ഗ്യാലറിയായി മാറുമെന്നും രണ്ടാം ഘട്ടത്തിൽ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പത്തൊട്ടി ഫൊറോന ചർച്ച് 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയ ഒരേക്കർ ഭൂമിയിലാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ലളിതകലാ അക്കാദമിയുടെ കാക്കണ്ണൻപാറ കലാഗ്രാമത്തിന്റെ മാതൃകയിലാണ് കെട്ടിടം. കൂടാതെ കഫറ്റീരിയ, ശുചിമുറി തുടങ്ങിയവ ഉൾക്കൊള്ളുന്ന അനുബന്ധ കെട്ടിടത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. പൂർത്തിയായ കെട്ടിടത്തിൽ മലബാർ; കുടിയേറ്റത്തിനു മുമ്പ്, കുടിയേറ്റം-മലബാറിലേക്ക്, നേരിട്ട വെല്ലുവിളികൾ, കാർഷികാഭിവൃത്തി, നിലനിൽപ്പിനായുള്ള സമരങ്ങൾ, ദുരിതത്തിൽ താങ്ങായി, നേടാനുണ്ട് പുതിയൊരു ലോകം, ബിഷപ്പ് വള്ളോപ്പിള്ളി; കുടിയേറ്റ ജനതയുടെ പിതാവ് എന്നീ തലക്കെട്ടുകളിൽ എട്ട് ഗാലറികളാണ് പ്രവർത്തിക്കുന്നത്.
36 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി സർക്കാർ ചെലവഴിച്ചത്. തുടർന്ന്, പൂർത്തിയായ കെട്ടിടത്തിൽ ഗ്യാലറികൾ സജ്ജീകരിക്കുന്നതിനായി 2020-21 സാമ്പത്തിക വർഷം പ്രത്യേക ബജറ്റ് ശീർഷകത്തിൽ ഉൾപ്പെടുത്തി പുരാവസ്തു വകുപ്പിന് 1.64 കോടിയുടെ ഭരണാനുമതി സർക്കാർ നൽകുകയുണ്ടായി. അതേതുടർന്നാണ് മ്യൂസിയം സജ്ജീകരണം ആരംഭിച്ചത്.
കെ.സി. ജോസഫ് മുൻ എം.എൽ.എയുടെ 50 ലക്ഷം രൂപ ആസ്തി വികസന ഫണ്ടും ഇതിനായി ചെലവഴിച്ചു. ഇതോടൊപ്പം അഡ്വ. സജീവ് ജോസഫ് എംഎൽഎ അനുവദിച്ച ഏഴ് ലക്ഷം ഉപയോഗിച്ച് ചെമ്പന്തൊട്ടി-നടുവിൽ റോഡിൽ നിന്ന് മ്യൂസിയത്തിലേക്കുള്ള റോഡ് ടാറിഗ് പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ട പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ മ്യൂസിയം പൂർണ സജ്ജമാവും. മ്യൂസിയത്തിലേക്ക് ആവശ്യമായ പ്രദർശന വസ്തുക്കളിൽ പലതും ജനപങ്കാളിത്തത്തോടെ നടന്ന സർവ്വേയിൽ ശേഖരിച്ചവയാണ്. കൂടാതെ തലശ്ശേരി അതിരൂപതയുടെ കൈവശമുള്ള ചില പൈതൃക വസ്തുക്കളും പ്രദർശനത്തിന് അനുവദിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, തിരുവിതാംകൂറിന്റെ ചരിത്രം, മറ്റ് ചരിത്ര സംഭവങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ ഉൾക്കൊള്ളിക്കും. പിണറായി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിലവിലെ നിർമാണച്ചുമതല.
ഉദ്ഘാടന ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. മ്യൂസിയത്തിന്റെ ഭാഗമായി നിർമിക്കുന്ന ബിഷപ്പ് വള്ളോപ്പിള്ളിയുടെ പ്രതിമയ്ക്കായി തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ശേഖരിച്ച ഓട്, പിച്ചള വസ്തുക്കൾ കൈമാറുന്ന ചടങ്ങും വേദിയിൽ നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി മുഖ്യാതിഥിയായി. മുൻ മന്ത്രി കെ.സി ജോസഫ്, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്ടാതിഥികളായി. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളിൽ, മിനി ഷൈബി, വി.പി മോഹനൻ, സാജു സേവ്യർ, ഹാൻഡ് വീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ, കേരള ലളിത കലാ അക്കാദമി സെക്രട്ടറി എബി എൻ ജോസഫ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, പുരാവസ്തു വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി സധു, ചെമ്പൻതൊട്ടി ഫൊറോനാ വികാരി ആന്റണി മഞ്ഞളാംകുന്നേൽ, ശിൽപി ഉണ്ണി കാനായി, വിവിധ മത, സാംസ്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.