കെടിഡിസി പായസമേള ആരംഭിച്ചു

പാലട, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പാൽപായസം, പഴം പ്രഥമൻ തുടങ്ങി ലൂം ലാൻ്റ് സ്പെഷ്യൽ പായസം വരെ നീളുന്ന രുചി ലോകമൊരുക്കി കെടിഡിസിയുടെ ലൂം ലാൻഡ് പായസമേള കണ്ണൂർ താവക്കരയിൽ ആരംഭിച്ചു. ഓണം മധുരതരമാക്കുവാൻ രുചികരവും വൈവിധ്യമാർന്നതുമായ പായസങ്ങളൊരുക്കി മധുരപ്രിയരെ വരവേൽക്കുകയാണ് മേള. രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പായസം മേള ഉദ്ഘാടനം ചെയ്തു. ലോകത്ത് എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം അവരവരുടെ രീതിയിൽ ഓണം ആഘോഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓണം നാടിൻ്റെ അടയാളപ്പെടുത്തലാണ്. മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ രത്നകുമാരി അധ്യക്ഷയായി. ആദ്യ വില്ലന കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിന്നും സുനിത ഫർണിച്ചർ ഡയറക്ടർ തമ്പാൻ ഏറ്റുവാങ്ങി.
തനത് കേരളീയ രീതിയിൽ പരമ്പരാഗത രുചിയും ഗുണവും മണവും നിലനിർത്തിക്കൊണ്ട് പാചക വിദഗ്ധരാൽ തയ്യാറാക്കപ്പെടുന്ന പായസങ്ങളാണ് വിതരണം ചെയ്യുന്നത്. ഞായറാഴ്ച ആരംഭിച്ച പായസമേള സെപ്റ്റംബർ അഞ്ചാം തീയതി തിരുവോണ ദിവസം വരെ ഉണ്ടായിരിക്കും. പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകൾ വഴിയാണ് പായസം വിതരണം ചെയ്യുന്നത്.
ഒരു പായസകൗണ്ടർ ലൂം ലാൻ്റിലും മറ്റൊരു പായസ കൗണ്ടർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്നുമാണ് ഈ ദിവസങ്ങളിൽ പ്രവർത്തിക്കുക. പായസ മേളയ്ക്കൊപ്പം തന്നെ തിരുവോണത്തോടനുബന്ധിച്ച് സെപ്റ്റംബർ 3, 4, 5 തീയതികളിൽ കെ ടി ഡി സി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കും.പായസം ലിറ്ററിന് 400 രൂപയും അരലിറ്ററിന് 220 രൂപയും കപ്പിന് 50 രൂപയും വീതമാണ് ഈടാക്കുന്നത്. ഓണസദ്യയ്ക്ക് 450 രൂപയും പാർസലിന് 500 രൂപയുമാണ് നിരക്ക്.
ഓണസദ്യയും പായസവും മുൻകൂർ ബുക്കിങ്ങിന് 9400008681, 04972 700717, 04972 960100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കെ ടി ഡി സി ഡയറക്ടർ ബോർഡ് അംഗം യു. ബാബു ഗോപിനാഥ്, ലും ലാൻഡ് മാനേജർ സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.