ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ ജലലഭ്യത ഉറപ്പാക്കുന്നതിനായ് ജലമാണ് ജീവൻ എന്ന പേരിൽ സംസ്ഥാനത്തുടനീളം നടത്തുന്ന ക്യാമ്പയിന് കണ്ണൂർ പാട്യം പഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിനിന്റെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഹരിത കേരള മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. പാട്യം ആയുർവേദ ആശുപത്രിയിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കോമത്ത് അധ്യഷയായി. പഞ്ചായത്തംഗം ഇ.സി പ്രസീത കുമാരി, ഡോ. സുജ രാജേഷ്, ആശവർക്കർമാരായ കെ ഷിമ്ന, എ.കെ രമ്യ, ടി സുമതി എന്നിവർ സംസാരിച്ചു.