ഉത്സവഘോഷം: ഭക്ഷണ വിതരണത്തിന് ആരോഗ്യ വകുപ്പ് മാർഗ നിർദേശം പുറപ്പെടുവിച്ചു

ഓണം, നബിദിനം തുടങ്ങിയ വിവിധ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളില്‍ ഭക്ഷണവും പാനീയവും തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മാർഗ നിർദേശം പുറത്തിറക്കി.
* ഉത്സവഘോഷത്തിന് പാനീയങ്ങള്‍ തയ്യാറാക്കുമ്പോൾ ശുദ്ധമായ ജലത്തിലും ഐസിലും മാത്രമേ ഇത്തരം പാനീയങ്ങള്‍ തയ്യാറാക്കാനും വിതരണം ചെയ്യാനും പാടുള്ളൂ. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കും.
* ഭക്ഷണ പാനീയങ്ങൾ തയ്യാർ ചെയ്തു വിതരണം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. വിതരണം ചെയ്യുന്നവർ കയ്യുറ ധരിച്ചിരിക്കണം.
* പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുന്ന പാനീയങ്ങളിൽ തണുത്തവ ഒഴിവാക്കി പായസം, കാപ്പി, ചായ തുടങ്ങിയ തിളപ്പിച്ച വെള്ളത്തില്‍ തയ്യാറാക്കുന്നവ തെരെഞ്ഞെടുക്കാന്‍ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
* ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്ന കമ്മിറ്റി ഭാരവാഹികൾ അതതു സ്ഥലത്തെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
* ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചു കൊണ്ട് ഉത്സവഘോഷങ്ങൾ നടത്തുന്നതിന് എല്ലാവരും സഹകരിക്കണം.
* ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നടപടി സ്വീകരിക്കുന്നതാണ്.
മഞ്ഞപ്പിത്ത വ്യാപനത്തിനെതിരെ ജാഗ്രത
ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനത്തിനെതിരെ ആരോഗ്യവകുപ്പ് അതിശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ യുള്ള കുടിവെള്ള- ഭക്ഷണ വിതരണം മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. പൊതുജനങ്ങൾക്ക് വിതരണം ചെയ്യേണ്ടുന്നതിനാൽ തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിന് വലിയ അളവിൽ ഐസ് ആവശ്യമാണ്. എന്നാൽ ഗാർഹിക ആവശ്യത്തിന് മാത്രമുള്ള അളവിലുള്ള ഭക്ഷ്യ യോഗ്യമായ ഐസ് മാത്രമെ ജില്ലയിൽ ഉൽപാദിപ്പിക്കുന്നുള്ളു.
ആവശ്യത്തിന് ഭക്ഷ്യ ഐസ് ലഭ്യമല്ല എന്നതിനാൽ അത്തരം ആവശ്യക്കാർ വാണിജ്യ ഐസ് ഉപയോഗിച്ചു തണുത്ത പാനീയ ങ്ങൾ തയ്യാറാക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം കിണറുകളിൽ നിന്നും മറ്റു കുടിവെള്ള സ്രോതസ്സുകളിൽ നിന്നും ശുദ്ധീകരിക്കാത്ത വെള്ളം നേരിട്ട് എടുത്ത് പാനീയങ്ങൾ തയ്യാറാക്കാനും സാധ്യതയുണ്ട്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഹെപറ്റൈറ്റിസ് എ അഥവാ മഞ്ഞപിത്ത കേസുകളിൽ നല്ലൊരു ശത്മാനം ഇത്തരത്തിൽ ആണ് പകർന്നിട്ടുള്ളത്.
അതോടൊപ്പം മഞ്ഞപ്പിത്ത രോഗമുള്ളവർ ഭക്ഷണ വിതരണം നടത്തിയതിന്റെ ഭാഗമായി ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഹെൽത്ത് കാർഡ് ഉള്ളവർ മാത്രമേ ഭക്ഷണ കുടിവെള്ള വിതരണം നടത്താൻ പാടുള്ളൂ എന്നും അതും കയ്യുറ ധരിച്ചു കൊണ്ടും മാത്രമേ പാടുള്ളൂ എന്നും നിഷ്കർഷിച്ചിരിക്കുന്നത്.