പിണറായി എ കെ ജി മെമ്മോറിയല്‍ സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

പിണറായി എ കെ ജി മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ മുന്നേറ്റത്തിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും അതിന്റെ നേര്‍സാക്ഷ്യങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളെന്നും മന്ത്രി പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍ അധ്യക്ഷനായി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്‌സ് സര്‍വീസ് 2024-25 ന്റെ സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും 44,50,000 രൂപ വിനിയോഗിച്ചാണ് സ്‌കൂള്‍ ഓഡിറ്റോറിയം നവീകരിച്ചത്. സ്‌കൂളിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിലവിലുള്ള ഓഡിറ്റോറിയമാണ് ആധുനിക രീതിയില്‍ സജ്ജീകരിച്ചത്. ഓഡിറ്റോറിയത്തില്‍ ശബ്ദനിയന്ത്രണ സംവിധാനം, സ്റ്റേജ് ഒരുക്കല്‍, പ്രൊജക്ടര്‍, സ്‌ക്രീന്‍, പെര്‍ഫെറേറ്റഡ് ജിപ്സം ബോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് ഫാള്‍സ് സീലിംഗ്, വാള്‍ പാനലിംഗ്, ജനലുകള്‍ക്ക് ബ്ലൈന്‍ഡുകള്‍, സ്റ്റേജ് കര്‍ട്ടന്‍, പെയിന്റിംഗ് പോളീഷിംഗ്, ഇലക്ട്രിഫിക്കേഷന്‍, സ്റ്റേജില്‍ കസേരകള്‍, കാര്‍പ്പറ്റ് എന്നീ സജ്ജീകരണങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല.
ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ സജിത്ത് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കൊങ്കി രവീന്ദ്രന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം സജിത, സിവില്‍ റൈറ്റ്‌സ് എ ജി എം ബി.എസ് പ്രസാദ്, റൈറ്റ്‌സ് മുന്‍ ജനറല്‍ മാനേജര്‍ പി.കെ സുരേഷ്, പിണറായി ഗ്രാമപഞ്ചായത്ത് അംഗം എ ദീപ്തി, എ കെ ജി മെമ്മറിയല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീജിത്ത് പുല്ലപ്പാടി, ഹെഡ്മാസ്റ്റര്‍ വി ജയേഷ്, സ്റ്റാഫ് സെക്രട്ടറി എന്‍.എം ബിജോയ്, പിടിഎ പ്രസിഡന്റ് ഏലിയന്‍ അനില്‍കുമാര്‍, എം പി ടി എ പ്രസിഡന്റ് ജസ്‌ന ലതീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.