മത്സ്യസങ്കേതം പദ്ധതിക്ക് തണ്ണീര്‍മുക്കത്ത് തുടക്കമായി; അഭിനന്ദനവുമായി മന്ത്രി തിലോത്തമന്‍

post

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരമുളള മത്സ്യസങ്കേതം പദ്ധതിക്ക് തണ്ണീര്‍മുക്കത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈ മാസം അവസാനത്തോടെ കായല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ നടുന്ന വിപുലമായ പദ്ധതിക്ക് തുടക്കം കുറിക്കും. മുളങ്കുറ്റികള്‍ ഉപയോഗിച്ച് കായല്‍ പ്രദേശത്ത് അതിര് തിരിച്ച് രണ്ട് ഹെക്ടര്‍ സ്ഥലത്ത് സിമന്റ് റിങ്ങുകളും സിമന്റ് പൈപ്പുകളും ഓലയും ചിരട്ടയും നിക്ഷേപിച്ചുളള മത്സ്യസങ്കേതങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്. തണ്ണീര്‍മുക്കം 521-ാം നമ്പര്‍ മത്സ്യസംഘത്തിന്റേയും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റേയും മത്സ്യവകുപ്പിന്റേയും മേല്‍നോട്ടത്തിലാണ് പദ്ധതിക്ക് തുടക്കമായത്.

ഉദ്ഘാടന ചടങ്ങിനിടെ വേദിയിലേക്ക് അപ്രതീക്ഷിതമായെത്തിയ സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി പി. തിലോത്തമന്‍ പദ്ധതിക്ക് എല്ലാ വിധ പിന്തുണയും അറിയിച്ചു. കായലിലെ മത്സ്യങ്ങളുടെ പ്രജനനത്തിനുളള ഇടങ്ങള്‍ കുറയുന്നത് കണക്കാക്കിയാണ് മനുഷ്യ നിര്‍മ്മിത മത്സ്യ പ്രജനന ഇടങ്ങള്‍ക്ക് വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരം തണ്ണീര്‍മുക്കത്ത് തുടക്കമിട്ടത്. മത്സ്യ സങ്കേതങ്ങള്‍ ഒരുക്കുന്നതോടെ പ്രജനന പ്രായമെത്തിയ മീനുകള്‍ റിങ്ങുകളിലും, പൈപ്പുകളിലും, ഓലയിലും, ചിരട്ടയിലും മുട്ടപതിപ്പിക്കുന്നതിനോടൊപ്പം അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുസസ്യങ്ങളേയും മറ്റും കഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ ആഹാരമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമാ മദനന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ സുധര്‍മ്മ സന്തോഷ്, രേഷ്മ രംഗനാഥ്, ബിനിത മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജെ സെബാസ്റ്റ്യന്‍, സനല്‍ നാഥ്, സാനു സധീന്ദ്രന്‍, ലിജി, യമുന, തണ്ണീര്‍മുക്കം മത്സ്യസംഘം പ്രസിഡന്റ് കെ. വി. ചന്ദ്രന്‍, സെക്രട്ടറി ആര്‍. രമേശ്, വേമ്പനാട് പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ മിനിമോള്‍, ബിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.