പട്ടികജാതി കലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

post

ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി, യുവാക്കളുടെ കലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ  ഉദ്ഘാടനം ചലച്ചിത്രതാരം പ്രമോദ് വെളിയനാട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. സമൂഹത്തിൻ്റെ വേദന മാറ്റി എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് കലാകാരരാണെന്ന് പ്രമോദ് വെളിയനാട് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഈ വാദ്യോപകരണങ്ങളിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് അനുഗ്രഹ ക്രിയേഷൻസിന് വാദ്യോപകരണങ്ങൾ നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടർന്ന് ജില്ലാ പഞ്ചായത്തിൻ്റ വികസനരേഖയായ ‘സാർത്ഥകം’ പ്രകാശനവും പ്രമോദ് വെളിയനാട് നിർവഹിച്ചു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി-യുവാക്കളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ കലാസംഘങ്ങൾക്ക് 14 ചെണ്ട, അഞ്ച് തുടി, ആറ് തവിൽ, നാല് വലംതല, രണ്ട് മരം, നാല് ഇലത്താളം, നാല് കീ ബോർഡ്, അഞ്ച് ബേസ് ഗിത്താർ, രണ്ട് ഡ്രം സെറ്റ്, ആറ് റിഥം പാഡ് തുടങ്ങിയ വാദ്യോപകരണങ്ങളാണ് വിതരണം ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് കലാസംഘങ്ങൾക്കാണ് വാദ്യോപകരണങ്ങൾ ലഭിച്ചത്. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 15.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

പരിപാടിയിൽ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി എസ് താഹ, എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. പി എസ് ഷാജി, അഡ്വ. ആർ റിയാസ്, ഗീതാ ബാബു, വി ഉത്തമൻ, ബിനിത പ്രമോദ്, സജിമോൾ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്കുമാർ, പട്ടികജാതി വകുപ്പ് അഡീഷണൽ ജില്ലാ ഓഫീസർ എസ് ആർ മനോജ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

ഉദ്ഘാടനം ചടങ്ങിനു ശേഷം പ്രമോദ് വെളിയനാടിന്റെ നേതൃത്വത്തിൽ കലാകാരന്മാർ അവതരിപ്പിച്ച നാടൻ കലാമേളയും നടന്നു.