ജില്ലാ പഞ്ചായത്ത് ആലംബം പദ്ധതി: ആലപ്പുഴ മൈക്രോ പ്ലാൻ 'അനുഭവ പാഠങ്ങൾ' രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

post

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആലംബം സമഗ്ര പട്ടികവർഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ്

ഐസക്കും അന്തരിച്ചുപോയ ബീന ഗോവിന്ദനും ചേർന്നു എഴുതിയ ആലപ്പുഴ മൈക്രോ പ്ലാൻ 'അനുഭവ പാഠങ്ങൾ' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം നടന്നു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ നാസർ ആര്യാട് ഊരുമൂപ്പത്തി സുകുമാരിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് സമഗ്ര പട്ടികവർഗ്ഗ വികസന പദ്ധതിയായാണ് ആലംബം.

ജില്ലയിലെ 2854 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 34 ഊരുകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി താമസിച്ചുവരുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിൻ്റെ മുൻ നിരയിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് നടപ്പിലാക്കിയ പി കെ കാളൻ പദ്ധതിയാണ് ആലംബം പദ്ധതിക്ക് പ്രചോദനമായത്. പി കെ കാളൻ പദ്ധതിയെ പിൻപറ്റിക്കൊണ്ട് അതിന്റെ അനുഭവങ്ങൾ ഡോ തോമസ് ഐസക്കും അന്തരിച്ചുപോയ ബീന ഗോവിന്ദനും ചേർന്നു ആലപ്പുഴ മൈക്രോ പ്ലാൻ 'അനുഭവ പാഠങ്ങൾ' എന്ന പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലംബത്തിൻ്റെ ഭാഗമായി ആ പുസ്‌തകത്തിന്റെ രണ്ടാം പതിപ്പാണ് ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമാണ് ഒരു ജില്ലാപഞ്ചായത്ത് ഇത്തരത്തിൽ ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.

ചടങ്ങിന്റെ ഭാഗമായി വിവിധ ഊരുകളിലെ മൂപ്പന്മാരെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റ്റി എസ് താഹ, ജില്ലാ പഞ്ചായത്ത്‌ അംഗം ആർ റിയാസ്, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി പ്രദീപ്‌കുമാർ, മറ്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങുയവർ പങ്കെടുത്തു.