നവീകരിച്ച ചമ്പക്കുളം കുടുംബരോഗ്യ കേന്ദ്രവും ഹൈടെക് ലാബും നാടിന് സമർപ്പിച്ചു

post

ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ  നവീകരിച്ച ഒ.പി ബ്ലോക്കിന്റെയും അത്യാധുനിക സംവിധാനങ്ങളോടുകൂടി സജ്ജമാക്കിയ ഹൈടെക് ലാബിന്റെയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്   ഓൺലൈനായി നിർവഹിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ടും എൻ എച്ച് എം ഫണ്ടും ഉപയോഗിച്ച് 57.90 ലക്ഷം രൂപ ചെലവഴിച്ചാണ് ഒ.പി ബ്ലോക്കും ഹൈടെക് ലാബും നവീകരിച്ചത്. ജനറൽ ഒപിക്ക് പുറമെ നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഫിസിയോതെറാപ്പി, മാനസികാരോഗ്യ വിഭാഗം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹൈടെക് ലാബ് കൂടി പ്രവർത്തനസജ്ജമായതോടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.


ചമ്പക്കുളം സി എച്ച് സി അങ്കണത്തിൽ നടന്ന ചടങ്ങിൽ  തോമസ് കെ തോമസ് എം എൽ എ അധ്യക്ഷനായി. പതിനേഴാം തീയതി മുതൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും നിലവിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു. 

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശ്രീകാന്ത്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജ കുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഗസ്റ്റിൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീല സജീവ്, ജയശ്രീ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി രാജേന്ദ്രൻ, മധു സി കൊളങ്ങര, ഗോകുൽ ഷാജി, ഗ്രാമപഞ്ചായത്ത് അംഗം തോമസ് ജോസഫ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാജുമോൻ പത്രോസ്, മെഡിക്കൽ ഓഫീസർ ഡോ. ആർ ഗായത്രി, എൻ എച്ച് എം ഡോ. കോശി പണിക്കർ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ പാർവതി  തുടങ്ങിയവർ പങ്കെടുത്തു.

4200 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി നവീകരിച്ച ആശുപത്രി കെട്ടിടം മികച്ച സൗകര്യങ്ങളോടെയാണ് പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി കെട്ടിടം ബലപ്പെടുത്തി, തറയിൽ ടൈൽ വിരിക്കുകയും പുതിയതായി വൈദ്യുതി സംവിധാനം ഒരുക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തു. അത്യാഹിത വിഭാഗം, നിരീക്ഷണമുറി, പരിശോധനാമുറി, രണ്ട് ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങൾ (ഒ.പി.), ഡ്രസ്സിങ് റൂം, ശുചിമുറി സൗകര്യം തുടങ്ങിയവ താഴത്തെ നിലയിലായി ഒരുക്കിയപ്പോൾ, ഓഫീസ്, മെഡിക്കൽ ഓഫീസർ റൂം, ഡോക്ടേഴ്സ് റൂം തുടങ്ങിയവ മുകളിലത്തെ നിലയിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. നവീകരിച്ച ഹൈടെക് ലാബിൽ നൂറിലധികം പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.