ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

post

സമ്പൂർണ്ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതി 2025-26 ന്റെ ഭാഗമായി ആലപ്പുഴ ഹരിപ്പാട് ഭക്ഷ്യസുരക്ഷ സർക്കിളിനു കീഴിൽ ചേപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് എം കെ വേണുകുമാര്‍ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ നിർദ്ദേശാനുസരണം സമ്പൂർണ്ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങളെയും ഭക്ഷണ വില്‍പനക്കാരെയും ഭക്ഷ്യസുരക്ഷ നിയമങ്ങളും ആരോഗ്യകരമായ ഭക്ഷണരീതികളും സംബന്ധിച്ച് ബോധവത്ക്കരിക്കുക, സ്കൂളുകളിൽ ഭക്ഷ്യസുരക്ഷ ക്ലബ്ബുകൾ രൂപീകരിക്കുക, പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യ സംരംഭകർക്കും ഭക്ഷ്യ സുരക്ഷ ലൈസൻസ്, രജിസ്ട്രേഷൻ ലഭ്യമാക്കുക, സ്ഥാപനങ്ങൾ പരിശോധിച്ച് ന്യൂനതകൾ പരിഹരിച്ച് മുഴുവൻ ഭക്ഷ്യസംരംഭകരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി പഞ്ചായത്തിനെ സമ്പൂർണ ഭക്ഷ്യ സുരക്ഷ പഞ്ചായത്തായി പ്രഖ്യാപിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ് വിജയകുമാരി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ തങ്കമണി വിജയൻ, ജാസ്മിൻ, ഷൈനി, ബിന്ദു ശിവാനന്ദൻ, ഹരിപ്പാട് സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ എസ് ഹേമാംബിക, ഹരിപ്പാട് ഭക്ഷ്യസുരക്ഷ ഓഫീസ് ക്ലർക്ക് ടി എം ഉണ്ണിരാജ്, കുടുംബശ്രീ പ്രവർത്തകർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ റസിഡൻസ് അസോസിയേഷനുകൾ, ആശാ പ്രവർത്തകർ എന്നിവർക്കായി വരും ദിവസങ്ങളിൽ പരിശീലനം സംഘടിപ്പിക്കും.