ചേർത്തലയുടെ ഗതാഗതക്കുരുക്കഴിഞ്ഞു: സെന്റ് മേരീസ് പാലം നാടിന് സമർപ്പിച്ചു

post

5 കോടി രൂപയുടെ പാലം മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു

നീണ്ട കാത്തിരിപ്പിനും സാങ്കേതിക തടസ്സങ്ങൾക്കും ഒടുവിൽ, ആലപ്പുഴ ചേർത്തലയുടെ പ്രധാന ഗതാഗത മാർഗമായ സെൻ്റ് മേരീസ് പാലം നാടിന് സമർപ്പിച്ചു. സംസ്ഥാന ബജറ്റിൽ അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിച്ചു പുനർനിർമ്മിച്ച പാലം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, ഫയർഫോഴ്സ് സ്റ്റേഷൻ, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള മുഖ്യ മാർഗ്ഗമായ ഈ പാലം തുറന്നതോടെ ചേർത്തല നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും. വടക്ക് നിന്നുള്ള സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും ഈ പുതിയ പാലത്തിലൂടെയാണ്.

വർഷങ്ങൾ പഴക്കമുള്ള പാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. വീതി കുറവും കാലപ്പഴക്കവും മൂലം പഴയ പാലം പൊളിക്കുകയായിരുന്നു. ഇപ്പോൾ 1.75 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 24.9 മീറ്റർ നീളവും 14 മീറ്റർ വീതിയുമുണ്ട് പാലത്തിന്. ഇരുകരകളിലെയും 6 റോഡുകൾ 100 മീറ്റർ നീളത്തിൽ വികസിപ്പിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഒരു വർഷത്തോളം പാലം നിർമാണം തടസ്സപ്പെട്ടിരുന്നു.സാങ്കേതിക തടസ്സങ്ങൾ നീക്കിയത് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ ഇടപെടലാണ്.

പാലം നിർമ്മാണം 2022 ജൂൺ 6 ന് ആരംഭിച്ചെങ്കിലും, ഒരു വർഷത്തോളം സാങ്കേതികക്കുരുക്കിൽപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. എ.എസ്.കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന് 5 മീറ്റർ ഉയരം വേണമെന്ന ഇറിഗേഷൻ വകുപ്പിന്റെ കത്തായിരുന്നു പ്രധാന പ്രശ്നം. ഈ 'ഇറിഗേഷൻ കുരുക്ക്' അഴിക്കുന്നതിൽ  മന്ത്രി പി.പ്രസാദിന്റെ ഇടപെടൽ നിർണ്ണായകമായി.

മന്ത്രി പി.പ്രസാദ് മുൻകൈയ്യെടുത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവർ മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിലാണ്, ഇറിഗേഷൻ വകുപ്പ് പാലത്തിന്റെ ഉയരത്തിൽ ഇളവ് അനുവദിച്ചത്. ഈ ഇടപെടലാണ് നിർമ്മാണം പൂർത്തിയാക്കുന്നതിന് വഴി തുറന്നതും പാലം സമയബന്ധിതമായി ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കാരണമായതും.