അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

post

സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യവികസനത്തിന് ചെലവാക്കുന്നത് 3400: മന്ത്രി വി അബ്ദുറഹ്മാൻ

ആലപ്പുഴ അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു.

സംസ്ഥാനത്ത് 3400 കോടി രൂപയുടെ കായിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും ഇതിൽ 50 ശതമാനം പ്രവർത്തികൾ പൂർത്തീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ചെറുതും വലുതുമായ 369 സ്റ്റേഡിയങ്ങളുടെ നിർമ്മാണം ഇതിനോടകം പൂർത്തീകരിച്ചു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി 169 കളിക്കളങ്ങളണ് നിർമ്മിക്കുന്നത്. സംസ്ഥാന-ജില്ലാ സ്പോർട്സ് കൗൺസിലുകൾക്ക് താഴെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചുവരികയാണ്. രാജ്യത്താദ്യമായി സ്പോർട്സ് ഇക്കണോമി നടപ്പിലാക്കുന്ന സംസ്ഥാനമായും കായികനയം നടപ്പിലാക്കിയ സംസ്ഥാനമായും കേരളം മാറിയെന്നും കായിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേരളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുവാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സ്റ്റേഡിയം നിർമ്മിച്ചത്. എച്ച് സലാം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും കായികവകുപ്പിൻ്റെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുമുൾപ്പടെ ഒരു കോടിരൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയത്തിൽ മഡ് ഫുട്ബോൾ, സിന്തറ്റിക് ബാസ്കറ്റ്ബോൾ, വോളി ബോൾ, സൈക്കിൾ പോളോ എന്നിവക്കുള്ള കോർട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഇന്റർലോക്ക്, ഡ്രെയിനേജ്, ഫെൻസിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു. അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിൻ്റെ ഭാഗമായി ഉന്നത നിലവാരത്തിലാണ് സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉൾപ്പടെ നിർമ്മിച്ചിട്ടുള്ളത്.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, വൈസ് പ്രസിഡന്റ് പി രമേശൻ, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ ആർ ജയരാജ്‌, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് മനോജ്‌, എഇഒ വി ഫാൻസി, പ്രിൻസിപ്പൽ കെ എച്ച് ഹനീഷ്യ, പ്രഥമാധ്യാപിക പി ബിന്ദുലേഖ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി വി സരിത, വിദ്യാർഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.