ജില്ലയിലെ ആദ്യ ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ താക്കോല്‍ പഞ്ചായത്ത് സമിതിക്ക് കൈമാറി

post

 കെട്ടിടത്തിന്റെ പരിപാലനം മാരാരിക്കുളം പഞ്ചായത്ത് ഏറ്റെടുത്തു

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തില്‍പ്പെടുന്നവര്‍ക്കായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചയത്തില്‍ നിര്‍മ്മിച്ച സ്ഥിരം ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ താക്കോല്‍ പഞ്ചായത്ത് സമിതിക്ക് കൈമാറി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിസന്റ് അഡ്വ. ഡി പ്രിയേഷ് കുമാര്‍ ചെയര്‍മാനായുള്ള സമിതി കെട്ടിടത്തിന്റെ പരിപാലന ചുമതല ഏറ്റെടുത്തു. ചുഴലിക്കാറ്റ് ഇതര പ്രകൃതി ദുരന്തങ്ങളില്‍ വിഷമത്തിലാകുന്ന ജനങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള ഒരു സ്ഥിരം സംവിധാനമാണ് മാരാരിക്കുളത്തെ ജനക്ഷേമം കോളനിയില്‍ സജ്ജമാക്കിയിട്ടുള്ളത്. മൂന്നു നിലകളുള്ള കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങളും ശുചിമുറികള്‍, പൊതു അടുക്കള, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയുണ്ട്. ദുരന്തകാലഘട്ടങ്ങളില്‍ ആയിരത്തോളംപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ദുരന്തകാലഘട്ടമല്ലാത്ത അവസരങ്ങളില്‍ കെട്ടിടം സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും. കുടുംബശ്രീ ആയിരിക്കും കെട്ടിടത്തിന്റെ കെയര്‍ ടേക്കര്‍. പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വില്ലേജ് ഓഫീസര്‍ കണ്‍വീനറായും പഞ്ചായത്ത് അംഗങ്ങള്‍, പോലീസ്, ഫിഷറീസ്, ഫയര്‍, ഇറിഗേഷന്‍ എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സമിതി. കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ ദുരിതാശ്വാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി എബ്രഹാം മാരാരിക്കുളം വടക്ക് വില്ലേജ് ഓഫീസര്‍ അനൂജിനാണ് താക്കോല്‍ കൈമാറിയത്.

അഭയകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി നാല് തരം എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ സമിതി രൂപീകരിക്കും. ഷെല്‍റ്റര്‍ മാനേജ്‌മെന്റ്, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് എന്നിങ്ങനെയുള്ള നാല് സംഘങ്ങളെയാണ് രൂപീകരിക്കുക. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്‌നി സുരക്ഷാ വകുപ്പ് എന്നിവരാണ് പരിശീലനം നല്‍കുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം രമണന്‍, എന്‍ സി ആര്‍ എം പി സ്റ്റേറ്റ് മോബുലൈസര്‍ സിറിയക് കെ ജി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എനിജിനീയര്‍ ശാരി, ചേര്‍ത്തല താലൂക്ക് തഹസില്‍ദാര്‍ ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു.