അരൂരില്‍ ദേശീയപാത പുനരുദ്ധാരണം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്

post

ആലപ്പുഴ: ദേശീയ പാത 66ല്‍ അരൂര്‍ പളളി മുതല്‍ ചേര്‍ത്തല എക്‌സ്‌റേ ജങ്ഷന്‍ വരെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തന്നെ നവീനമായ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരോഗമിക്കുന്നു.  23.665 കിലോമീറ്റര്‍  നീളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തികളാണ്  പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റുന്നത്.  കോള്‍ഡ് മില്ലിങ് ആന്‍ഡ് റീ സൈക്ലിങ് ഇന്‍ ഹോട്ട് മിക്‌സ് പ്ലാന്റ് രീതിയിലാണ്   റോഡ് പുനര്‍നിര്‍മ്മിക്കുന്നത്.  ജര്‍മന്‍ നിര്‍മിത യന്ത്ര സാമഗ്രികള്‍ ഇതിനായി ഉപയോഗിക്കുന്നു. 36.07 കോടി രൂപയാണ് ഈ പ്രവര്‍ത്തിയുടെ അടങ്കല്‍ തുക.  നിലവിലുള്ള ദേശീയ പാതയുടെ മുകള്‍ ഉപരിതലം അത്യാധുനിക മെഷീന്‍ ഉപയോഗിച്ച് അടര്‍ത്തിയെടുത്ത്  അതിന്റെ മുപ്പത് ശതമാനം പുതിയ റോഡ് നിര്‍മാണ സാമഗ്രികളുമായി ചേര്‍ത്ത്  വീണ്ടും ഉപരിതലം നിര്‍മിക്കുകയാണ് ചെയ്യുന്നത്.  തുടര്‍ന്ന് അഞ്ച് സെന്റീമീറ്റര്‍ കനത്തില്‍ ബിറ്റുമിനസ് മെക്കാഡവും അതിന് മുകളില്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റും ഇട്ട് ഉപരിതലം ഉറപ്പിക്കും. പഴയ റോഡിന്റെ  ഉപരിതലം അടര്‍ത്തിയെടുത്ത് 30 ശതമാനം ഉപയോഗിക്കുന്നതിനാല്‍ പുതിയ പുനര്‍നിര്‍മാണത്തിന് നിര്‍മാണ സാമഗ്രി അത്രയും കുറച്ച് മതിയാകും. കൂടാതെ  ഇത്തരത്തില്‍ നിര്‍മിക്കുന്ന റോഡ് ഉറപ്പുകൂടുതലുള്ളതുമാണ്. പരിസ്ഥിതി സൗഹൃദവും കൂടിയാണ്.  റോഡ് അടര്‍ത്തിമാറ്റിയെടുക്കുന്ന മെറ്റലിലെ ശേഷിക്കുന്ന 70 ശതമാനം ഇരുവശവും ഫില്ല് ചെയ്യുന്നതിന്  ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.  

ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, പെരുമ്പാവൂര്‍ എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. മന്ത്രി  ജി.സുധാകരന്റെ  നേതൃത്വത്തിലുള്ള പൊതുമരാമത്ത് വകുപ്പ് പുതിയ കാലം പുതിയ നിര്‍മാണം എന്ന  ആശയങ്ങളുമായി മുന്നോട്ട് പോകുന്നതിന്റെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ റോഡ് നിര്‍മാണം. 2019 സെപ്റ്റംബര്‍ ആറിന് അരൂരില്‍ വച്ച് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ തന്നെയാണ്  ദേശീയ പാതയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തത്.