ഏനാദിമംഗലം പഞ്ചായത്തില്‍ വികസന സദസ് നടത്തി

post

പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിന്റെ വികസന സദസ് കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാം വാഴോട് അധ്യക്ഷനായി. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ ശിവദാസ് വിശദീകരിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി കെ ഷൈലജ അവതരിപ്പിച്ചു.  സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ പഞ്ചായത്തിലെ  316 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണ ധനസഹായം നല്‍കി. 286 വീടുകള്‍ പൂര്‍ത്തീകരിച്ചു. 30 വീടുകള്‍ നിര്‍മാണ പുരോഗതിയിലാണ്. പദ്ധതിക്കായി 8.79 കോടി  രൂപ ചെലവഴിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 61 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ ഭൂമി വാങ്ങുന്നതിന് 1.27 കോടി രൂപ വിനിയോഗിച്ചു.  അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി  ഒമ്പത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനും ആറ് കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപണികള്‍ക്കുമുള്ള ധനസഹായം നല്‍കി. 41 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നു. ജല്‍ജീവന്‍ മിഷന്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് 5.24 ലക്ഷം രൂപ നല്‍കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള പൈപ്പ്ലൈന്‍ എക്സ്റ്റന്‍ഷനായി 4.78 കോടി രൂപ ചിലവഴിച്ചു.

പുതിയ കുടിവെള്ള കിണര്‍ നിര്‍മിക്കാന്‍ 12 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. സാന്ത്വന പരിചരണ പദ്ധതിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തിലെ  165 പേര്‍ക്ക് മാസംതോറും ഗൃഹകേന്ദ്രീകൃത പരിചരണം നല്‍കുന്നു.

കിടപ്പു രോഗികള്‍ക്ക് ആവശ്യമായ വിലകൂടിയ മരുന്നുകള്‍, ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ ഡയലൈസര്‍, അനുബന്ധ ഉപകരണങ്ങള്‍, കാന്‍സര്‍ രോഗികള്‍ക്കാവശ്യമായ മരുന്ന് എന്നിവ

നല്‍കുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം എന്നിവയ്ക്കായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പാക്കി.

സംസ്ഥാന  സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. ഹരിത കര്‍മ സേന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളുടെ എക്‌സിബിഷനും കെ സ്മാര്‍ട്ട് ക്ലിനിക്കും തൊഴില്‍മേളയും സദസിന്റെ ഭാഗമായി സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടം അവതരിപ്പിക്കുന്നതിനും വികസന പദ്ധതികളെ പറ്റി അവലോകനം നടത്തുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസന സദസ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ജില്ലാ പഞ്ചായത്തംഗം സി കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി  അധ്യക്ഷരായ പി രാജഗോപാലന്‍ നായര്‍, ശങ്കര്‍ മാരൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ജു, തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനൂപ് വേങ്ങവിളയില്‍, ലക്ഷ്മി ജി നായര്‍, ജീന ഷിബു, അരുണ്‍ രാജ്, വകുപ്പുദ്യോഗസ്ഥര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.