കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും പത്തനംതിട്ട കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മനുഭായി മോഹന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ അവതരിപ്പിച്ചു.
ഡിജികേരളം വഴി കണ്ടെത്തിയ 1703 പഠിതാക്കളുടെയും പരിശീലനം പൂര്‍ത്തിയാക്കി കല്ലൂപ്പാറ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി.അതിദാരിദ്രത്തിന്‍ നിന്ന് 13 കുടുംബങ്ങളെ മുക്തരാക്കി വാസസ്ഥലം, ഉപജീവനമാര്‍ഗം, ചികിത്സ, ഭക്ഷണം എന്നിവ ലഭ്യമാക്കി. ലൈഫ് മിഷന്‍ വഴി 53 പേര്‍ക്ക് വീട് നല്‍കി.22 വീട് നിര്‍മാണം പുരോഗമിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം ഉറപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി. റോഡ്, കുടിവെള്ള വിതരണം, വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ കെട്ടിട നിര്‍മാണം, മാലിന്യ സംസ്‌കരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പഞ്ചായത്ത് പ്രവര്‍ത്തിച്ചു.
ഗ്രാമപഞ്ചായത്തംഗം രതീഷ് പീറ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി എം. ജ്യോതി, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.