കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു

പത്തനംതിട്ട കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് പൗര്‍ണമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
കലഞ്ഞൂര്‍ പഞ്ചായത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, റോഡ് തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ് നടപ്പാക്കിയതെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ.
പഞ്ചായത്തിലെ വിവിധ റോഡുകള്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. സ്‌കൂള്‍, ആശുപത്രി, സബ് സെന്റര്‍ തുടങ്ങിയവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗതിയിലാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് വികസന സദസ് നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നാടിന്റെ വികസനം സാധ്യമാക്കിയതെന്നും എം എല്‍ എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി അധ്യക്ഷയായി. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ എസ് നവാസ് വിശദീകരിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടം സെക്രട്ടറി സുരേഷ് ബാബു അവതരിപ്പിച്ചു. പഞ്ചായത്തിലെ 23 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. 21 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ മരുന്ന് വിതരണം ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം കിണര്‍, സോക് പിറ്റ് എന്നിവയുടെ നിര്‍മാണത്തിന് ധനസഹായം നല്‍കി. ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 472 കുടുംബങ്ങളുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി. ഡിജി കേരളത്തിലൂടെ കണ്ടെത്തിയ 5688 പഠിതാക്കളുടെ പരിശീലനം പൂര്‍ത്തിയാക്കി. കുട്ടികള്‍ക്കുള്ള ലഹരിമുക്ത കാമ്പയിന്‍ ഉണര്‍വ്, ശുചിത്വ കാമ്പയിന്‍ കാന്തിയോടെ കലഞ്ഞൂര്‍, ജലസ്രോതസുകളുടെ പുനരുദ്ധാരണം ഇനി ഞാന്‍ ഒഴുകട്ടെ തുടങ്ങിയ തനത് പദ്ധതികള്‍ നടപ്പാക്കി.
പഞ്ചായത്തിലെ ബഡ്സ് സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ 3.2 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനായി 2.3 ലക്ഷം രൂപയും റീഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തിപ്പിനായി 22.58 ലക്ഷം രൂപയും വിനിയോഗിച്ചു. അങ്കണവാടിയില്‍ പോഷകാഹാരം നല്‍കുന്നതിനായി 1.53 കോടി രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായമായി 75 ലക്ഷം രൂപയും വനിതകള്‍ക്കും കുട്ടികള്‍ക്കും കരാട്ടെ പരിശീലനത്തിനായി 4.71 ലക്ഷം രൂപയും നല്‍കി.
കൂടല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു പുതിയ കെട്ടിടം കൂടല്‍ ഫിഷ് മാര്‍ക്കറ്റ് കലഞ്ഞൂര്‍, മാങ്കോട് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം, കലഞ്ഞൂര്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, ഇലവുന്താനം കീച്ചേരി പാലം, ഇടത്തരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം തുടങ്ങിയ പശ്ചാത്തല വികസനവും പഞ്ചായത്തില്‍ സാധ്യമാക്കി.
2021- 25 കാലഘട്ടത്തിലെ പശ്ചാത്തല മേഖലയില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 1.34 കോടി രൂപയും കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് 1.4 6 കോടി രൂപയും കുടിവെള്ള പദ്ധതിക്കായി 36 ലക്ഷം രൂപയും റോഡ് കോണ്‍ക്രീറ്റിനായി 3.10 കോടി രൂപയും ചെലവഴിച്ചു. പാലിയേറ്റീവ് കെയറിനായി ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായവും രോഗികള്‍ക്ക് വൈദ്യ ഉപകരണവും ലഭ്യമാക്കി. മാലിന്യ സംസ്‌കരണം മേഖലയില്‍ വാതില്‍പടി ശേഖരണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. ചടങ്ങില്‍ ഹരിത കര്‍മ സേനാംഗങ്ങള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍, പഞ്ചായത്തിലെ വികസന പ്രവര്‍ത്തനത്തിന് ഭൂമി നല്‍കിയവരെയും എം എല്‍ എ ആദരിച്ചു.വിഷന്‍ 2031മായി ബന്ധപ്പെട്ട പൊതുജന അഭിപ്രായം ചര്‍ച്ചയില്‍ സ്വീകരിച്ചു. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളുടെ എക്‌സിബിഷനും കെ സ്മാര്‍ട്ട് ക്ലിനിക്കും തൊഴില്‍മേളയും കുട്ടികളുടെ കൈകൊട്ടി കളിയും സദസിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാന്‍ ഹുസൈന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.