മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

post

മലയാലപ്പുഴയില്‍ ആധുനിക ബസ്റ്റാന്റ് ഉടന്‍ സാധ്യമാകും :കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ


പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എംഎല്‍എ ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

മലയാലപ്പുഴയ്ക്കായി ആധുനികവല്‍ക്കരിച്ച ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു .

ഒക്ടോബര്‍ 23ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  പുതിയ ബസ്റ്റാന്‍ഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലാ മേഖലയിലും വികസനം സാധ്യമാക്കാന്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞു. നാടിന്റെ മുഖച്ഛായ മാറ്റി റോഡുകള്‍ ആധുനികവല്‍ക്കരിച്ചു. ആരോഗ്യമേഖലയ്ക്കായി പുതിയ ആശുപത്രി കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. സ്‌കൂളിനായി പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യ വികസനം ഒരുക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചു.  മലയാലപ്പുഴ ആഗ്രഹിച്ച വികസനങ്ങളാണ് പുരോഗമിക്കുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് പ്രോഗ്രസ് റിപ്പോര്‍ട്ട്   എം എല്‍ എ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ  റിസോഴ്‌സ് പേഴ്‌സണ്‍

എന്‍ പ്രകാശ് അവതരിപ്പിച്ചു . മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി എസ് പ്രവീണ്‍ വിശദീകരിച്ചു. തുടര്‍ന്ന് ഭാവി വികസന ആശയം പങ്കുവച്ച് പൊതു ചര്‍ച്ച നടന്നു. മികച്ച പ്രവര്‍ത്തനം നടത്തിയ ജനപ്രതിനിധികള്‍, വിവിധ മേഖലകളില്‍ നാടിനായി പ്രവര്‍ത്തിച്ചവര്‍,  ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ചടങ്ങില്‍ എംഎല്‍എ ആദരിച്ചു.

7.62 കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം നിര്‍മാണം വൈകാതെ പൂര്‍ത്തിയാകും. 1.20 കോടി രൂപയ്ക്ക് മലയാലപ്പുഴയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായി.  ഗാന്ധി സ്മാരക ഉന്നതിയില്‍ ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നേടി. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെട്ടൂര്‍ ഏലായിലേക്ക് ലിഫ്റ്റ് ഇറിഗേഷന്‍ വഴി ചെറിയ കനാലുകള്‍ നവീകരിച്ചു. അച്ചന്‍കോവില്‍ ആറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് വെട്ടൂര്‍ എലായിലെക്ക് കൃഷിക്കാവശ്യമായ ജലം എത്തിക്കുന്നതിന് ഒന്നരക്കോടി രൂപ അനുവദിച്ച നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. പുതുക്കുളത്ത് ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഓപ്പണ്‍ ജിം സ്ഥാപിച്ചതായും വികസന രേഖ ചൂണ്ടികാട്ടി.

ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി,  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീലാകുമാരി ചാങ്ങയില്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ് ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍ വളര്‍മതി, അംഗങ്ങളായ എം ഇ രജനീഷ്, വി മഞ്ചേഷ് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജലജ  കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.