കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും ഇടുക്കി കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി കെ ലതാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അധ്യക്ഷയായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു പഞ്ചായത്തിനെ അതിദാരിദ്ര പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി ബിന്ദു അവതരിപ്പിച്ചു.
അതിദാരിദ്രത്തിന്‍ നിന്ന് 15 കുടുംബങ്ങളെ മുക്തരാക്കി വാസസ്ഥലം, വരുമാനം, മരുന്ന് എന്നിവ ലഭ്യമാക്കി. ലൈഫ് മിഷന്‍ വഴി 103 പേര്‍ക്ക് വീട് നല്‍കി. വീട് വാസയോഗ്യമാക്കുന്നതിന് 156 കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കി. റോഡ്, സ്‌കൂള്‍, അങ്കണവാടി, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി. കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം മേഖലയില്‍ പദ്ധതി നടപ്പാക്കി. തുല്യതാ തുടര്‍ വിദ്യാഭ്യാസപരിപാടിയിലൂടെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിച്ചു. തുല്യത പരിപാടിയിലൂടെ 88 പേര്‍ സാക്ഷരത നേടി. വയോജന ക്ഷേമം, ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കും ഉപജീവനത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കി. വിവിധ മേഖലകളില്‍ മികവ് നേടിയവരെ സദസില്‍ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗംകെ.എസ് രാജലക്ഷ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍,സ്ഥിരം സമിതി അധ്യക്ഷരായ എന്‍.ടി എബ്രഹാം, ശ്രീജ ആര്‍ നായര്‍, പഞ്ചായത്തംഗം കെ.ജി സഞ്ചു, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.