പുറമറ്റം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി

പത്തനംതിട്ട പുറമറ്റം ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ഊര്‍ശ്ലേം ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സദസില്‍ വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഒ കെ മോഹന്‍ദാസ് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് റിസോഴ്സ് പേഴ്സണ്‍ എസ് ഗിരീഷ് കുമാറും ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ടി ബിനോയിയും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തില്‍ കണ്ടെത്തിയ രണ്ട് അതിദരിദ്ര കുടുംബങ്ങള്‍ക്ക് ചികിത്സ ആനുകൂല്യങ്ങളും ലൈഫിലൂടെ ഭൂമി, വീട്, സാമൂഹ്യ സുരക്ഷാ പെന്ഷന്, ഉജ്ജീവനം പദ്ധതിയിലൂടെ സംരംഭം തുടങ്ങുന്നതിന് തിരിച്ചടവില്ലാത്ത ലോണ്‍ എന്നീ ആനുകൂല്യങ്ങളും നല്കി.
ഡിജി കേരളത്തിലൂടെ കണ്ടെത്തിയ 2221 പഠിതാക്കള്‍ക്ക് പരിശീലനം നല്കി 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടം കൈവരിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ 17 കുടുംബങ്ങള്‍ക്ക് ഭൂമിയും 133 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനവും നല്കി. 101 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 32 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. പി എം എ വൈ ഭവന പദ്ധതിയില്‍ ഒമ്പത് വീടുകള്‍ പൂര്‍ത്തിയാക്കി. 15 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ലൈഫ് ഭവന പദ്ധതിക്ക് അഞ്ച് കോടി രൂപ ചെലവഴിച്ചു.
ജൈവമാലിന്യ സംസ്കരണത്തിന് ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ബയോബിന്‍, ജി ബിന്‍ എന്നിവ വിതരണം ചെയ്തു. പാലിയേറ്റീവ് കെയറിലൂടെ 133 രോഗികള്‍ക്ക് സേവനം നല്കി .
പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി 2.52 കോടി രൂപ ചെലവഴിച്ച് ഗ്രാമീണ റോഡുകള്‍, അംഗണവാടി കെട്ടിടം, എന്‍സിഎഫ് കെട്ടിടം, ആയുര്‍വേദ ആശുപത്രി കെട്ടിടം, ആയുര്‍വേദ സബ് സെന്റര്‍, ടേക്ക് എ ബ്രേക്ക് തുടങ്ങിയവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളുടെ എക്സിബിഷനും കെ സ്മാര്‍ട്ട് ക്ലിനിക്കും തൊഴില്‍മേളയും കുട്ടികളുടെ കൈകൊട്ടി കളിയും സദസിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ചടങ്ങില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെയും മികച്ച സംരംഭകരെയും സിഡിഎസ് അംഗങ്ങളെയും ആദരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ശോശാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റോഷ്നി ബിജു, അംഗങ്ങളായ ഷിജു പി കുരുവിള, ശോഭിക ഗോപി, സാബു ബഹനാന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ എം ബി ഓമനകുമാരി, അസിസ്റ്റന്റ് സെക്രട്ടറി രചനി രവീന്ദ്രന്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.