വണ്ടന്‍മേട് വികസന സദസ് സംഘടിപ്പിച്ചു

post

വണ്ടന്‍മേട്  ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും, ഭാവിവികസനങ്ങളും ചര്‍ച്ച ചെയ്ത് വികസന സദസ്. വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത്  വികസന സദസ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികള്‍ക്കായി  അനുവദിച്ച ഫണ്ട് കൃത്യമായി വിനിയോഗിക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതായും വണ്ടന്‍മേട്, പുറ്റടി, ചെല്ലാര്‍കോവില്‍ ശാസ്താനട തുടങ്ങി നിരവധി ടൗണുകള്‍ ചേര്‍ന്ന വലിയ പഞ്ചായത്തും തോട്ടംമേഖല കൂടിയായ വണ്ടന്‍മേട് വര്‍ഷങ്ങളായി അഭിമുഖികരിച്ചിരുന്ന മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാന്നെന്നും അദ്ദേഹം പറഞ്ഞു.

വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിനെ അതിദാരിദ്രമുക്ത പഞ്ചായത്തായും വികസന സദസില്‍ പ്രഖ്യാപിച്ചു.

ഹരിതകര്‍മ്മ സേനാംഗങ്ങള്‍,ആശ പ്രവര്‍ത്തകര്‍,  അങ്കണവാടി ജീവനക്കാര്‍ എന്നിവരെ വികസന സദസില്‍ ആദരിച്ചു. വിവിധ മേഖലകളിലായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെയും യോഗത്തില്‍ അനുമോദിച്ചു.


കഴിഞ്ഞ അഞ്ച് വര്‍ഷം പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത വികസന സദസ് ഭാവി വികസനങ്ങളും ചര്‍ച്ചയാക്കി. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സദസില്‍ നേടാനാവത്തതും ഭാവിയിലെ ആവശ്യങ്ങളും വിലയിരുത്തി.

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം വണ്ടന്‍മേട് ഗ്രാമപഞ്ചായത്തില്‍ 53 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. ഇവര്‍ക്ക് മാത്രമായി പ്രത്യേകം സൂക്ഷമ പദ്ധതികള്‍ നടപ്പാക്കി.  അടിസ്ഥാന രേഖകളായ അവകാശ  രേഖകള്‍ ഇല്ലാത്തവര്‍ക്ക് രേഖകള്‍ നല്‍കി. 7 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കി. 9 പേര്‍ക്ക് വീട് പുനരുദ്ധീകരിച്ച് നല്‍കി. കുടുംബശ്രീ മുഖേന സ്വയം തൊഴില്‍ ആനുകൂല്യം നല്‍കി. അതിദരിദ്ര വിഭാഗം ഗുണഭോക്താക്കള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്തില്‍ സംഘടിപ്പിച്ചു. 53 പേര്‍ക്ക് ഇപിഐപി കാര്‍ഡ് നല്‍കി. അവകാശം അതിവേഗം പദ്ധതിയില്‍ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു.

ലൈഫ് ഭവന പദ്ധതിയില്‍ 15കോടി രൂപ ചെലവില്‍ 368 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 6 ഭൂരഹിത- ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് 39 ലക്ഷം രൂപ ചെലവില്‍ ഭൂമിയും വാങ്ങി.

മാലിന്യ മുക്ത പഞ്ചായത്ത് പദ്ധതി ഉറപ്പാക്കുന്നതിന് ഹരിതകര്‍മ സേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. മുഴുവന്‍ വാര്‍ഡുകളിലും മിനി എം.സി.എഫും ബിന്നുകളും സ്ഥാപിച്ചു.  ബള്‍ക്ക് വേസ്റ്റ് ജനറേറ്റേഴ്‌സ് കാര്യക്ഷമമാക്കി. ക്യാമറ നിരീക്ഷണവും എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും  ശക്തമാക്കി. പാലിയേറ്റിവ് കെയര്‍ പദ്ധതിയില്‍ 397 രോഗികള്‍ക്ക് തുടര്‍ പരിചരണം നല്‍കുന്നു. ആവശ്യമായ മരുന്നുകള്‍, വീല്‍ചെയര്‍, വാക്കര്‍, വാട്ടര്‍ബെഡ്, എയര്‍ബെഡ് എന്നിവയും നല്‍കി.  പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി പുതിയ റോഡുകള്‍ക്കും, ഗ്രാമീണ റോഡ് നിര്‍മ്മാണത്തിനും മെയിന്റനന്‍സിനും 16 കോടി രൂപ ചെലവഴിച്ചു. പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ക്കായി 3 കോടി രൂപയും ചെലവഴിച്ചു.

വണ്ടന്‍മേട്  ശ്രീമഹാഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച വികസന സദസില്‍ ഫിലോമിന രാജു അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.പി രാജന്‍, ശെല്‍വി ശേഖര്‍, സിബി എബ്രഹാം, സസ്യാ രാജാ,  ജോസ് മാടപ്പളില്‍, സിസലി സജി, സൂസന്‍ ജേക്കബ്, സത്യ മുരുകന്‍, രാജാ മാട്ടുക്കാരന്‍,  വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനന്ദു എം നായര്‍, റിസോഴ്‌സ് പേഴ്‌സണ്‍ അനൂപ് ഭട്ടതിരി, മോണിറ്ററിംഗ് ഓഫീസര്‍ സജി തോമസ്, കോര്‍ഡിനേറ്റര്‍ ജോസഫ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.