കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ഇടുക്കി കുടയത്തൂർ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു.
കുടയത്തൂർഗ്രാമപഞ്ചായത്തിലെ വികസന സദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. എൻ ഷിയാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനസർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച വിഡിയോ സദസിൽ പ്രദർശിപ്പിച്ചു.യോഗത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 9 വർഷം നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചു.കൂടാതെ കഴിഞ്ഞ 9 വർഷത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിമി കെ. ജോർജ് അവതരിപ്പിച്ചു.
കുടയത്തൂർ പഞ്ചായത്തിന്റെ വികസനത്തിനും ഉന്നമനത്തിനുമായി വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
പ്രാഥമിക മേഖലയായ കാർഷിക-ഉൽപാദനം, മൃഗസംരക്ഷണവും ക്ഷീരവികസനവും, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും, തൊഴിലുറപ്പ് അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, സാമൂഹ്യനീതി തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.ഭവനം ഇല്ലാത്തവർക്ക് വീട് നൽകുന്നതിനോടൊപ്പം മെച്ചപ്പെട്ട ജീവിതനിലവാരവും ഉപജീവനമാർഗവും ഉറപ്പുവരുത്തുന്ന ലൈഫ് ഭവനപദ്ധതി പഞ്ചായത്തിൽ പുരോഗതിയിലാണ്.
2020-25 കാലയളവിൽ 76 വീടുകൾ നിർമ്മിക്കുന്നതിന് തുക അനുവദിച്ചു. ഇതിൽ 42 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ളവ നിർമ്മാണ ഘട്ടത്തിലാണുള്ളത്.അതിദരിദ്രരുടെ മൈക്രോപ്ലാനിൽ ഭവനനിർമ്മാണത്തിൽ ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയും 2020-25 കാലഘട്ടത്തിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 2.30 കോടി രൂപ ചിലവഴിച്ചു.2020-25 കാലഘട്ടത്തിൽ 106 വീട് പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചു.
കർഷകരുടെ കാർഷിക മേഖലയിൽ അധിഷ്ടിതമായ പഞ്ചായത്തിൽ കർഷകരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കി.
വിളകളുടെ ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും കാർഷിക വൈവിദ്ധ്യം ഉറപ്പാക്കുന്നതിനും നിരവധി പദ്ധതികൾ നടപ്പിലാക്കി,പരിസ്ഥിതി സംരക്ഷണവും മാലിന്യമുക്തഗ്രാമവും വളർത്തികൊണ്ട് വരാൻ സാധിച്ചു.ജൈവമാലിന്യസംസ്‌കരണ ഉപാധികൾ നൽകിയും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ വഴി മാലിന്യ സംസ്‌കരണരംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
പൊതുജനങ്ങൾ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു.
കുടയത്തൂർ പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും കുടയത്തൂർ പ്രദേശത്തെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും വഴി വിളക്കുകൾ സ്ഥാപിക്കണമെന്നും എന്നിങ്ങനെ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.
ആരോഗ്യരംഗം,ആയുർവേദം,ഹരിത കർമ്മ സേന അംഗങ്ങൾ ,ആശാ വർക്കർമാർ, കാഞ്ഞാർ വിജിലൻഡ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.കെ-സ്മാർട്ടിന്റെ ഹെൽപ്പ് ഡെസ്ക്, വിജ്ഞാനകേരളം ജോബ് ഫെയർ സെന്ററും സജ്ജമാക്കിയിരുന്നു.യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് സി എസ്,ജോസഫ് എൻ.കെ, ബിന്ദു സിബി, സുജ ചന്ദ്രശേഖരൻ, പുഷ്പ വിജയൻ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിലക്ഷ്മി, കുടുംബശ്രീ സിസിഎസ് ചെയർപേഴ്സൺ സിനി സാബു,ഹരിത കർമ്മ സേന അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ ,ആശാ വർക്കർമാർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങൾ,കുടയത്തൂർ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.