ഭാവി വികസനം ചര്‍ച്ചയാക്കി ചക്കുപള്ളം വികസന സദസ്

post

ഇടുക്കി ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും, ഭാവിവികസനങ്ങളും ചര്‍ച്ച ചെയ്ത് വികസന സദസ്. അണക്കര എസ്എന്‍ഡിപി ഹാളില്‍ നടന്ന വികസന സദസ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍  ഉദ്ഘാടനം ചെയ്തു. നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സാധാരണക്കാരുടെയും നാടിന്റെയും ക്ഷേമത്തിന് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വികസന സദസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.  ജില്ലാ പഞ്ചായത്ത്  മുഖേന ഈ സാമ്പത്തിക വര്‍ഷം  മാത്രം 6.25 കോടി രൂപയുടെ വികസന  പ്രവര്‍ത്തനങ്ങളാണ് ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച വരെയും ചടങ്ങില്‍ ആദരിച്ചു.

ചക്കുപള്ളം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ 155 വീടുകളും പിഎംഎവൈ പദ്ധതിയില്‍ 30 വീടുകളും പൂര്‍ത്തിയാക്കി. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി പ്രകാരം പഞ്ചായത്തില്‍ 35 കുടുംബങ്ങളെ കണ്ടെത്തി മൈക്രോ പ്ലാന്‍ രൂപികരിക്കുകയും 10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. മറ്റു കുടുംബങ്ങള്‍ക്ക് വരുമാനദായകമായ പ്രവൃത്തി ആരംഭിക്കുന്നതിന് ഫണ്ട് അനുവദിച്ചു.  കാര്‍ഷികഗ്രാമമായ ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ 2602 ഗുണഭോക്താക്കള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ക്കായി 47.91 ലക്ഷം രൂപയും ചെലവഴിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ പഞ്ചായത്തിലെ 4005 വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ 38.59 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. കാര്‍ഷികം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി/പട്ടിക വര്‍ഗക്ഷേമം, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിലും  വിവിധ പദ്ധതികളിലായി തുക അനുവദിച്ചു പദ്ധതികള്‍ പൂര്‍ത്തികരിച്ചു.

അണക്കര എസ്എന്‍ഡിപി ഹാളില്‍ സംഘടിപ്പിച്ച വികസനസദസില്‍ ചക്കുപള്ളം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ ജയപ്രകാശ്, ത്രിതല പഞ്ചായത്തംഗങ്ങളായ കുസുമം സതീഷ്, മാത്യു പി.റ്റി, ബിന്ദു അനില്‍ കുമാര്‍, ആശ സുകുമാര്‍, ബിന്ദു ജയകുമാര്‍, സുരേന്ദ്രന്‍ മാധവന്‍, അമ്മിണി ഗോപാലകൃഷ്ണന്‍, സൂസന്‍ മാത്യു, പി. കെ. രാമചന്ദ്രന്‍, വി.ജെ രാജപ്പന്‍, അന്നക്കുട്ടി വര്‍ഗീസ്, റീന വിനോദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബിജു കൊല്ലമല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജസ്മല്‍ ജലാല്‍, അസിസ്റ്റന്റ് സെക്രട്ടറി അനീജ ആര്‍ എന്നിവര്‍ സംസാരിച്ചു.