കാമാക്ഷി ഗ്രാമപഞ്ചായത്തിൽ വയോജന സംഗമം 'ഓര്‍മ്മച്ചെപ്പ് 2025' സംഘടിപ്പിച്ചു

ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ വയോജന സംഗമം ഓര്‍മ്മച്ചെപ്പ് 2025 ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതില്‍ സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ക്കായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.രാജ്യത്ത് ആദ്യമായി വയോജന കമ്മീഷനെ നിയമിച്ചത് കേരള സര്‍ക്കാരാണ്. അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുന്നതും സംസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളില്‍ ഒന്നാണെന്നും മന്ത്രി പറഞ്ഞു.
തങ്കമണി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു.കാമാക്ഷി ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.സി.ഡി.എസ് ഇടുക്കിയുടെ നേത്യത്വത്തിലാണ് ഗ്രാമപഞ്ചായത്തില്‍ വയോജനസംഗമം വിപുലമായി സംഘടിപ്പിക്കുന്നത് .
സംഗമത്തോട് അനുബന്ധിച്ച് വയോജനങ്ങള്‍ക്കായി കാമാക്ഷി എഫ്.എച്ച്.സി.യുടെ നേതൃത്വത്തില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്, തൊടുപുഴ അഹല്യ ഫൌണ്ടേഷന്‍ ഐ ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തില്‍ മെഗാ നേത്ര പരിശോധന ക്യാമ്പ്, കൗണ്‍സിലിംഗ് പ്രോഗ്രാം, പെന്‍ഷന്‍ അദാലത്ത് എന്നിവയും ഒരുക്കിയിരുന്നു . വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും 90 വയസ് കഴിഞ്ഞ വയോജനങ്ങളെ ആദരിക്കലും ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ നിര്‍വഹിച്ചു.
കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ,സോണി ചൊള്ളാമഠം, റിന്റാമോള്‍ വര്‍ഗീസ്, ചിഞ്ചുമോള്‍ ബിനോയ്, ജെസി കാവുങ്കല്‍, എം. ജെ ജോണ്‍, ഷേര്‍ളി ജോസഫ്, ഷേര്‍ളി തോമസ്, ചെറിയാന്‍ കെ.സി,റീന സണ്ണി, പ്രഹ്ലാദന്‍ വി. എന്‍, ജോസ് തയ്‌ച്ചേരില്‍, ജിന്റു ബിനോയ്, സാമൂഹ്യ രാഷ്ട്രീയകക്ഷി നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, ഫാദര്‍ തോമസ് പുത്തന്‍പുരയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.