ഭാവി വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് ഇടമലക്കുടി വികസന സദസ്

സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ഇടുക്കി ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. ഇടമലക്കുടി സര്‍ക്കാര്‍ ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച സദസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ ദാസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രാജന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ 2020 മുതല്‍ 2025 വരെ നടത്തിയ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷെഫീഖ് അവതരിപ്പിച്ചു.
അതിദാരിദ്ര്യ നിര്‍മാര്‍ജനം പദ്ധതിയിലൂടെ നാല് വീടുകളും ലൈഫ് ഭവന പദ്ധതിയിലൂടെ 131 വീടുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഡി ജി കേരളം പദ്ധതിയിലൂടെ 94 പേര്‍ക്ക് സാക്ഷരത പരിശീലനം നല്‍കുകയും, കെ സ്മാര്‍ട്ടിലൂടെ 254 ഫയലുകള്‍ തീര്‍പ്പാക്കുകയും പാലിയേറ്റീവ് കെയറിലിലൂടെ 113 രോഗികള്‍ക്ക് പരിചരണം നല്‍കുവാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.
അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷപെന്‍ഷന്‍ പദ്ധതിയിലൂടെ 84,48,000 രൂപ ഗുണഭോക്താകള്‍ക്ക് നല്‍കി. കൂടാതെ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ പുതുക്കി നിര്‍മ്മിക്കല്‍, പുതുക്കുടി അംഗന്‍വാടി പുനരുദ്ധാരണം, പി എച്ച് സി കെട്ടിടത്തിന്റെ സീലിംഗ്, എല്‍പി സ്‌കൂളിലെ ശുചിമുറി നിര്‍മ്മാണം, ഹോമിയോ ആശുപത്രി നിര്‍മ്മാണം, വിവിധ കുടികളിലേക്കുള്ള റോഡ് കോണ്‍ക്രീറ്റിങ്, എന്നിങ്ങനെ വിവിധ മേഖലകളിലായി 1,77,88,875 രൂപയുടെ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ നടപ്പിലാക്കി.
പൊതുജനങ്ങള്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും എല്ലാ ഉന്നതികളിലും എത്തിച്ചേരുന്നതിന് റോഡുകള്‍ നിര്‍മ്മിക്കണമെന്നും ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളില്‍ സ്‌കൂള്‍ ആരംഭിക്കണമെന്നുമുള്ള ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സദസില്‍ പങ്കുവെച്ചു.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ഭവ്യ കണ്ണന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയലക്ഷ്മി പി, പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍ ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഇടമലക്കുടി നിവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.