വികസനങ്ങള്‍ വിലയിരുത്തിയും അഭിപ്രായങ്ങള്‍ പങ്കുവെച്ചും രാജാക്കാട് വികസനസദസ്

സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ഇടുക്കി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു.
പഞ്ചായത്തിന് വിവിധ തലങ്ങളില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍ നൂറ് ശതമാനം വിനിയോഗിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റോഡുകള്‍ ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്നും രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് സദസ് ഉദ്ഘാടനം നിര്‍വഹിച്ച് പറഞ്ഞു.
രാജാക്കാട് ദിവ്യജ്യോതി ഹാളില്‍ സംഘടിപ്പിച്ച സദസില്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശ് അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് വികസനറിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെയും വീഡിയോ പ്രദര്‍ശനവും സദസിന്റെ ഭാഗമായി നടത്തി. ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍സണ്‍ അവതരിപ്പിച്ചു.
പരിസ്ഥിതി രക്ഷ ഉറപ്പാക്കിയും സാമൂഹ്യനീതി മുറുകെ പിടിച്ചും സാമ്പത്തികവളര്‍ച്ചയുടെ പുതിയ പാതയിലേക്ക് പഞ്ചായത്തിനെ എത്തിക്കുകയായിരുന്നു രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ വികസന പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ സേവനം ഒരു കുടക്കീഴില്‍ ആക്കുന്നതിന് പഞ്ചായത്ത് കെട്ടിടത്തിന് അഞ്ച് കോടി രൂപ, വെറ്ററിനറി ആശുപത്രിയുടെ നവീകരണത്തിനായി 16 ലക്ഷം രൂപ, കനകക്കുന്ന് വ്യൂ പോയിന്റ് പദ്ധതിക്കായി 88 ലക്ഷം രൂപ, തുടങ്ങി മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
സാമൂഹ്യ നീതി, സാമൂഹിക സുരക്ഷ പദ്ധതി പ്രകാരം പഞ്ചായത്ത് പ്രദേശത്തെ എല്ലാ അങ്കണവാടികള്‍ മുഖേന സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, പൊതുമരാമത്ത്, തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ വികസനങ്ങള്‍ കൊണ്ടുവരാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ഹരിതകര്‍മ്മസേനയുടെയും കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.
അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എയുടെ പ്രാദേശിക വികസന തുകയില്‍ നിന്ന്
1,78,10,000 രൂപയുടെയുടെയും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുധാരണ പദ്ധതി, റീബില്‍ഡ്
കേരള പദ്ധതി, കിഫ്ബി ഫണ്ട്, ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട്, ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക വികസന പദ്ധതി തുകയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരും കാലത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും സദസില്‍ സംഘടിപ്പിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.