ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു

ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.സമസ്ത മേഖലകളിലും പുരോഗതി കൈവരിക്കാൻ നാടിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിവിധ തലങ്ങളിലായി പഞ്ചായത്തിൽ പൂർത്തീകരിച്ചത്. ഉപ്പുതറ പഞ്ചായത്ത് ഭരണ സമിതി ഇതുവരെ കൈവരിച്ച വികസന നേട്ടങ്ങൾ സദസിൽ വിവരിച്ചു. കഴിഞ്ഞ അഞ്ച് വർഷക്കാലം പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി മുജീബ് പി. കെ അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്തിന്റെ വികസനരേഖ സമർപ്പിച്ചു.
കോവിഡ് പ്രതിസന്ധിയിൽ ആവശ്യമായവർക്ക് ആഹാരം, മരുന്ന് എന്നിവ നൽകാൻ പഞ്ചായത്തിന് കഴിഞ്ഞു. പാലിയേറ്റിവ് കേയർ, മാലിന്യസംസ്കരണം, അതി ദാരിദ്ര നിർമാർജനം,വെറ്ററിനറി ഡിസ്പെൻസറി, ലൈഫ് മിഷൻ വീടുകൾ, സാംസ്കാരിക നിലയം, അങ്കണവാടികൾ, കുടിവെള്ളം, പാലിയേറ്റിവ് കെയർ യുവജനങ്ങളുടെ ക്ലബ്ബുകളിൽ സ്പോർട്സ് കിറ്റ്, വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി യോഗ, ഓപ്പൺ ജിം, എം സി എഫ്, ടേക്ക് എ ബ്രേക്ക്, കെ സ്മാർട്ട് തുടങ്ങിയ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി.
സംസ്ഥാനത്ത് അതിദരിദ്രരായ 64006 കുടുംബങ്ങളെ കണ്ടെത്തുകയും അതിൽ 96.13 ശതമാനം കുടുംബങ്ങളെ അതി ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിയുകയും ചെയ്തു. ഡിജി കേരളം പദ്ധതിയിൽ 2187966 പേർക്ക് പരിശീലനം നൽകി. ലൈഫ് മിഷൻ പദ്ധതിയിൽ 4,62,412 വീടുകൾ പൂർത്തികരിക്കുകയും 1,33,124 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. കെ സ്മാർട്ടിൽ 5821288 ഫയലുകൾ തിർപ്പാക്കി, പാലിയേറ്റിവ് കെയറിൽ ആകെ രജിസ്റ്റർചെയ്ത രോഗികളുടെ എണ്ണം 2,10,961 ആണ്.
ഉപ്പുതറ പഞ്ചായത്തിൽ 92 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തുകയും അവർക്കാവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്തു.
ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. വളരെ പ്രതിസന്ധികൾ നിറഞ്ഞ ഘട്ടത്തിലാണ് പുതിയ ഭരണ സമിതി അധികാരത്തിലെത്തിയത് എങ്കിലും മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ സത്യനാഥ് സ്വാഗതം ആശംസിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി ജോണ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു.
ചടങ്ങിൽ വാർഡ് അംഗങ്ങളായ സന്തോഷ് എം എൻ, രജനി രവി, മനുവേൽ എ, മിനി രാജു, യമുന ബിജു എന്നിവർ പങ്കെടുത്തു. കൂടാതെ ഹരിത കർമ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.