ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍: ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കേരള ഡെവലപ്‌മെന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്‌ക്) കിലയും ചേര്‍ന്ന് നടപ്പാക്കുന്ന 'ഒരു പഞ്ചായത്തിനു ഒരു ആശയം' പദ്ധതിയുടെ ഭാഗമായ ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ധാരണാപത്രം ടി.കെ.എം എന്‍ജിനീയറിംഗ് കോളജില്‍ ഒപ്പുവെച്ചു. കൊല്ലം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി റോസിയും പ്രിന്‍സിപ്പല്‍ ഡോ. എ സാദിഖുമാണ് ഒപ്പുവെച്ചത്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, വൈസ് പ്രസിഡന്റ് ഹുസൈന്‍, സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. ആദര്‍ശ്, ഡോ. ഫാസില്‍ എ, ഡോ.അല്‍ത്താഫ് സംഗീത്, കില ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി. എം റെജില തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതി നടപ്പാക്കുന്നതിനുള്ള ധനസഹായവും പ്രാദേശിക ഏകോപനവും ബ്ലോക്ക് പഞ്ചായത്ത് ഉറപ്പാക്കും. ടി.കെ.എം എന്‍ജിനീയറിംഗ് കോളജ് ശാസ്ത്രീയ പഠനങ്ങള്‍, ഡി.പി.ആര്‍ തയ്യാറാക്കല്‍, സാങ്കേതിക മാര്‍ഗനിര്‍ദേശം, നവീകരണ രൂപകല്പനകള്‍ എന്നിവയില്‍ സഹകരിക്കും. സര്‍ക്കാര്‍, അക്കാദമിക് സ്ഥാപനങ്ങള്‍, വ്യവസായം, സിവില്‍ സൊസൈറ്റി എന്നിവയുടെ കൂട്ടായ്മ പ്രായോഗികതലത്തില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.