ഗാന്ധി കലോത്സവം: വിജയികള്‍ക്ക് പുസ്തകകെട്ട് സമ്മാനിച്ചു

ഗാന്ധിവാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി പീസ് ഫൗണ്ടേഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധികലോത്സവ വിജയികള്‍ക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ആദരം. ഗാന്ധിയന്‍ കഥകളും പ്രമുഖ എഴുത്തുകാരുടെ രചനകളും സര്‍ക്കാര്‍പ്രസിദ്ധീകരണങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകകെട്ടുകളാണ് തദ്ദേശസ്വയംഭരണസ്ഥാപന ഭാരവാഹികളും ജില്ലാ കലക്ടര്‍ എന്‍. ദേവിദാസും ചേര്‍ന്ന് സമ്മാനിച്ചത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചന, ഗാന്ധിപ്രശ്‌നോത്തരി മത്സരങ്ങളിലെ വിജയികള്‍ ഗാന്ധിജിയെ അടുത്തറിയാനുള്ള അവസരമാണ് പ്രയോജനപ്പെടുത്തിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഗാന്ധിപീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍.ഹേമന്ത്കുമാര്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.