ഹൈസ്‌കൂള്‍ അധ്യാപകരുടെ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

post

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഇ എം എസ് ഹാളില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ നിര്‍വഹിച്ചു. കമ്മീഷന്‍ അംഗം ഡോ. എഫ്. വില്‍സണ്‍ അധ്യക്ഷനായി. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ അധ്യാപകര്‍ തിരിച്ചറിഞ്ഞ് അധ്യാപക വിദ്യാര്‍ഥി സൗഹൃദം ദൃഢമാക്കുക, കുട്ടികളില്‍ സാമൂഹ്യ മാധ്യമ സാക്ഷരത, സൈബര്‍ സുരക്ഷ തുടങ്ങിയവയെ സംബന്ധിച്ച് അവബോധമുണ്ടാക്കുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യങ്ങള്‍.

പരിശീലനം ലഭ്യമാകുന്ന അധ്യാപകര്‍ സ്‌കൂളിലെ മറ്റ് അധ്യാപകരിലേക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളിലേക്കും ബോധവത്ക്കരണമെത്തിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബാലാവകാശങ്ങള്‍ സംബന്ധിച്ച് കമ്മീഷന്‍ അംഗം ഡോ. എഫ് വില്‍സനും, കുട്ടികളുടെ മാനസികാരോഗ്യം വിഷയത്തില്‍ സൈക്യാട്രിസ്റ്റ് ഡോ. മോഹന്‍ റോയ്, പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിയാസ് എന്നിവര്‍ ക്ലാസെടുത്തു. 

ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അധ്യാപകര്‍ക്കായുള്ള രണ്ടാംഘട്ട പരിശീലനം ഒക്ടോബര്‍ ആറിന് അവസാനിക്കും. ഒന്നാംഘട്ട അധ്യാപക പരിശീലനം കഴിഞ്ഞ ഓഗസ്റ്റ് 11 മുതല്‍ 20 വരെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അധ്യാപകര്‍ക്കായി നടത്തിയിരുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍ രഞ്ജിനി, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.