ജില്ലാ ഉപഭോക്തൃകാര്യ സംരക്ഷണസമിതി യോഗം ചേർന്നു

അര്‍ഹമായ വിലക്കുറവ് ഉറപ്പാക്കും: ജില്ലാ കലക്ടര്‍
കൊല്ലം ജില്ലാ ഉപഭോക്തൃകാര്യ സംരക്ഷണസമിതി യോഗം ചേർന്നു .
ജി എസ് ടി പരിഷ്‌കരണത്തിലൂടെ മൊത്തവിപണിയില്‍ പ്രതിഫലിക്കുന്ന വിലക്കുറവ് ചില്ലറ വില്പന വിപണിയിലും ഉറപ്പാക്കുന്നതിന് പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പറഞ്ഞു . പുതുക്കിയ ജി.എസ്.ടി നിരക്കുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ജി.എസ്.ടി വകുപ്പ് ക്ലാസുകള്‍ നടത്തണം. തട്ടുകടകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. രാത്രികാല പരിശോധനകളും കര്‍ശനമാക്കി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് 18000 രൂപയുടെ പിഴയും ചുമത്തി.
പുനലൂരില്‍ മാംസഉത്പ്പന്ന- വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ പുനലൂര്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണം. വെളിച്ചെണ്ണയില്‍ മായംചേര്‍ത്തു വില്‍ക്കുന്നത് തടയാന്‍ കര്‍ശന പരിശോധന തുടരും. ഭക്ഷണ ഡെലിവറി കമ്പനികള്‍ ഈടാക്കുന്ന അമിത നിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കും.
വെള്ളയിട്ടമ്പലം, രാമന്‍കുളങ്ങര എന്നിവിടങ്ങളിലെ റോഡുകളുടെ നവീകരണം ത്വരിതപെടുത്താന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പരിസരത്തെ റോഡ് നവീകരണ പ്രവര്‍ത്തികള്‍ ഉടനെ ആരംഭിക്കും. സ്‌കൂളുകളില്‍ ട്രാഫിക് ബോധവത്കരണ ക്ലാസുകള്‍ വിപുലീകരിക്കും. നവീകരണംനടക്കുന്ന റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.
ജില്ലാ സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാര്‍, ഉപഭോക്തൃ കാര്യ സംരക്ഷണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.