ചിങ്ങോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒപി ബ്ലോക്ക്

പൊതുജനാരോഗ്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്: മന്ത്രി വീണാ ജോർജ്
ആലപ്പുഴ ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിർമ്മിച്ച പുതിയ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. സേവനങ്ങൾ വികേന്ദ്രീകരിച്ച് പരമാവധി നാട്ടിൻപുറങ്ങളിലേക്കടക്കം എത്തിക്കാണ് സർക്കാർ ശ്രമിക്കുന്നത്. 2023ൽ 5415 സബ് സെന്ററുകൾ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി. ഒരു രൂപപോലും ചെലവില്ലാതെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടറെ സന്ദർശിക്കാനും ലാബ് പരിശോധന നടത്താനും കുറഞ്ഞ ചെലവിൽ മരുന്നു വാങ്ങാനും ഇന്ന് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 750 ചതുരശ്ര അടി ഒ പി ബ്ലോക്ക് നിർമിച്ചത്.
ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. തോമസ് കെ തോമസ് എംഎൽഎ ഓൺലൈനായി പങ്കെടുത്തു. പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ജനകീയ ലാബിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗ്ഗീസ് നിർവഹിച്ചു.