കയർ മേഖല നേരിടുന്ന പ്രശ്ന‌ങ്ങൾ ചർച്ച ചെയ്ത് കയർ കോൺക്ലേവ് 2025

post

കയർമേഖലയുടെ കുതിപ്പിന് കയർ കോൺക്ലേവ് വഴിയൊരുക്കും: മന്ത്രി പി രാജീവ്

സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കയർ മേഖല നേരിടുന്ന പ്രശ്ന‌ങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലയിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച  കയർ കോൺക്ലേവ് 2025 നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി  പി. രാജീവ്  ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ  (കയർ കോർപ്പറേഷൻ അങ്കണം) ഉദ്ഘാടനം ചെയ്തു.

കയർ കോൺക്ലേവ് കയർമേഖലയുടെ കുതിപ്പിന് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.പുതിയ തലമുറയെ കയർമേഖലയിലേക്ക് ആകർഷിച്ച്  കയർമേഖലയുടെ കുതിപ്പിന് വഴിയൊരുക്കുകയെന്നതാണ് കോൺക്ലേവിന്റെ  പ്രധാന ലക്ഷ്യം.

കമ്പോളത്തിന്റെ ആവശ്യങ്ങൾ അനുസരിച്ച് നമ്മുക്ക് ഉല്പന്നങ്ങൾ നിർമ്മിക്കുവാൻ സാധിക്കണം. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കയർമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സജീവമായി ഇടപെടുകയും ഗൗരവമായ ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമല്ല ശാശ്വതമായ പ്രതിവിധിയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


നാലു വർഷം കൊണ്ട് 140 കോടിയിലധികം  കയർ ഭൂവസ്ത്രം വിൽക്കുവാൻ സർക്കാരിന്റെ ഇടപെടലിലുടെ സാധിച്ചിട്ടുണ്ട്. സംരംഭക വർഷത്തിന്റെ ഭാഗമായി 1260  പുതിയ വെളിച്ചെണ്ണ മില്ലുകൾ  മൂന്ന് വർഷം കൊണ്ട് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.  1200 തേങ്ങ ഉണക്കി കൊപ്രയാക്കുന്ന ഡ്രൈയേഴ്സും നിലവിൽ വന്നിട്ടുണ്ടെന്നും   അദ്ദേഹം പറഞ്ഞു.

കേരളത്തിനകത്തുനിന്നും ഗുണമേന്മയുള്ള   ചകിരിയുടെ  സംഭരണത്തിനായി കയർ ഡയറക്ടറും കയർ ഫെഡ്  എം ഡി യും ചേർന്നുള്ള അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ ഗവൺമെൻറ് അനുവദിച്ചു. ഇതിൽ 1.25  കോടി രൂപയ്ക്ക് ഭരണാനുമതി കൊടുത്തു. ഇത് കയറിന്റെ  ഉൽപാദനവും  തൊഴിലാളികളുടെ കൂലിയും  വർദ്ധിക്കുന്നതിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. 

ഒറീസയിൽ നിന്ന് കയർ കോർപ്പറേഷന് 2.70 കോടിയുടെ ഓർഡർ പുതിയതായി  കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ഫിഷറീസ്  സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യഘടനയുടെ അഭിവാജ്യമായ ഒരു ഭാഗമാണ് കയർ. ഈ മേഖലയിൽ പണിയെടുത്ത ജനവിഭാഗങ്ങൾ അവരുടെ വളർച്ചയ്ക്കൊപ്പം നാടിന്റെ വികസനത്തിനു വേണ്ടിയും വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ലോകത്ത് വന്ന മാറ്റങ്ങൾ കയർ വ്യവസായത്തെയും ബാധിച്ചു. ഈ പ്രതിസന്ധികളെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കഴിഞ്ഞ ഒൻപത് വർഷക്കാലമായി മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയത്.  അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കയർ റിവോൾവിങ് ഫണ്ട്. ഈ തുക വിനിയോഗിച്ച് അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സമയബന്ധിതമായി പണം നൽകുവാനും സാധിച്ചിട്ടുണ്ട്. ചകിരി ക്ഷാമം പരിഹരിക്കാനായി നടപ്പാക്കിയ ഫൈബർ ബാങ്ക്, തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ നടപ്പാക്കിയ ഇൻകം സപ്പോർട്ട് സ്കീം, ഇൻഷുറൻസ് പദ്ധതി, കുടിശ്ശിക തീർപ്പാക്കാനുള്ള ഒറ്റതവണ സഹായ പദ്ധതികൾ എന്നിവയെല്ലാം സർക്കാരിന്റെ കയർ മേഖലയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയുടെ ഫലമായി നടപ്പാക്കിയ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.   

കോൺക്ലേവിൽ എംഎൽഎമാരായ പി. പി ചിത്തരഞ്ജൻ, എച്ച് സലാം  ദലീമ ജോജോ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് , കയർഫെഡ് പ്രസിഡന്റ് ടി കെ ദേവകുമാർ, കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി ചെയർമാൻ എം എച്ച് റഷീദ്, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ നാസർ, സംഘാടകസമിതി ചെയർമാൻ ജി വേണുഗോപാൽ, കയർ കോപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രതീഷ് ജി പണിക്കർ, ടി.എം.എം.സി എം.ഡി വി.ആർ പ്രസാദ്, , കെ.എസ്.ഡി.പി ചെയർമാൻ സി.ബി ചന്ദ്രബാബു, കയർ മേഖലാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

ചർച്ചകൾ

പരിപാടിയുടെ ഭാഗമായി 'പുതിയ കാലം പുതിയ സമീപനം' എന്ന വിഷയത്തിൽ നടന്ന ചർച്ച മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 'കമ്പോള വെല്ലുവിളിയും ബദൽ മാർഗ്ഗങ്ങളും' എന്ന ചർച്ചയ്ക്ക് മുൻ ധനകാര്യ കയർ വകുപ്പ് മന്ത്രി  ഡോ. ടി എം തോമസ് ഐസക്  നേതൃത്വം നൽകി. കയർ വികസന ഡയറക്ടർ ആനി ജൂലാ  തോമസ് 'കയർ വിദഗ്ധ സമിതി റിപ്പോർട്ട് നിർദേശങ്ങളിന്മേൽ സർക്കാർ സ്വീകരിച്ച് നടപടികൾ' എന്ന വിഷയാവതരണം നടത്തി. 

കയർമേഖലയുടെ ഭാവിയുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങളും അഭിപ്രായങ്ങളും ചർച്ചകളിൽ ഉയർന്നു.