സ്ത്രീസൗഹൃദ തുടര്‍പ്രവര്‍ത്തനങ്ങളുമായി ജില്ലാ പഞ്ചായത്ത്

post

സത്രീസൗഹൃദ-പരിസ്ഥിതിഅനുകൂല പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൃത്യതയോടെ നടപ്പിലാക്കി കൊല്ലം ജില്ലാ പഞ്ചായത്ത്. ‘സുരക്ഷ' പദ്ധതി നടപ്പിലാക്കി സാനിറ്ററി നാപ്കിനുകളുടെ പാരിസ്ഥിതിക വെല്ലുവിളി മറികടക്കാനുള്ള സാഹചര്യമാണ് തീര്‍ത്തിട്ടുള്ളത്.  ആര്‍ത്തവകാലശുചിത്വം ഉറപ്പാക്കാന്‍ സൗജന്യ ആര്‍ത്തവകപ്പുകള്‍ വിതരണംചെയ്യുകയാണിപ്പോള്‍. സാനിറ്ററി നാപ്കിനുള്ളിലെ ജെല്‍, പ്ലാസ്റ്റിക് തുടങ്ങിയവ പരിസ്ഥിതിവിരുദ്ധമെന്ന് വിലയിരുത്തി ചിലവ്കുറഞ്ഞ, ആരോഗ്യകരവും സൗകര്യപ്രദവുമായ ആര്‍ത്തവാരോഗ്യ ഉത്പന്നമായാണ് കപ്പുകള്‍ അവതരിപ്പിച്ചത്. ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതിനിര്‍വഹണം.

2023-2024 സാമ്പത്തികവര്‍ഷം 32,92,800 രൂപ വിനിയോഗിച്ച് 9262 കപ്പുകള്‍ വിതരണംചെയ്തു. സാനിറ്ററി നാപ്കിനുകള്‍ സൃഷ്ടിക്കുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി തുടങ്ങിയ സംവിധാനത്തിന് സ്വീകാര്യതയേറി. ജി.എച്ച്.എച്ച്.എസ് പെരിനാട്, ജി.എച്ച്.എസ്.എസ് അയ്യന്‍കോയിക്കല്‍, ജി.എച്ച്.എസ്.എസ് ചവറ, ജി.എച്ച്.എസ്.എസ് തഴവ, ജി.എച്ച്.എസ്.എസ് തൊടിയൂര്‍, ജി.എച്ച്.എസ്.എസ്ഓച്ചിറ, ജി.എച്ച്.എസ്.എസ് വെള്ളിമണ്‍, ജി.എച്ച്.എസ്.എസ് മുട്ടത്തറ, ജി.എച്ച്.എസ്.എസ് പള്ളിമണ്‍ തുടങ്ങി 49 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയത്.

രണ്ടാംഘട്ടത്തില്‍ ജി.വി.എച്ച്.എസ്.എസ് മുട്ടറ, ജി.വി.എച്ച്.എസ്.എസ് ചാത്തന്നൂര്‍, ജി.വി.എച്ച്.എസ്.എസ് കുളക്കട, ജി.വി.എച്ച്.എസ്.എസ് കടയ്ക്കല്‍, ജി.വി.എച്ച്.എസ്.എസ് അഞ്ചല്‍ ഈസ്റ്റ്, ജി.വി.എച്ച്.എസ്.എസ് പട്ടാഴി, ജി.വി.എച്ച്.എസ്.എസ് ചെറിയ അഴീക്കല്‍ തുടങ്ങി 11 സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വിതരണം ചെയ്തു.

മൂന്നാംഘട്ടത്തില്‍ മയ്യനാട് എച്ച്.എസ്.എസ്, എ.കെ.എം എച്ച്.എസ്.എസ് മൈലാപ്പൂര്‍, ഈശ്വരവിലാസം നെടുവത്തൂര്‍, ദേവി വിലാസം തലവൂര്‍ എന്നീ നാല് എയ്ഡഡ് സ്‌കൂളുകളില്‍ വിതരണംചെയ്തു. പദ്ധതിയുടെ ഭാഗമായി കപ്പുകള്‍ വിതരണം ചെയ്ത സ്‌കൂളുകളില്‍ ആര്‍ത്തവകാലശുചിത്വം- കപ്പുകളുടെ ശരിയായഉപയോഗം വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കി.

സിലിക്കോണ്‍, പ്രകൃതിദത്തറബ്ബര്‍, ലാറ്റക്‌സ് അല്ലെങ്കില്‍ തെര്‍മോപ്ലാസ്റ്റിക് ഇലാസ്റ്റോമറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കപ്പ് അഞ്ചുവര്‍ഷം വരെ ഉപയോഗിക്കാനാകുമെന്ന് ചവറ തെക്കുംഭാഗം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രജനി തെക്കന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ടാണ് കപ്പുകളുടെ വിതരണം.

വിതരണംചെയ്യപ്പെട്ടവ കൃത്യമായി ഉപയോഗിക്കുന്നുണ്ടോയെന്നും സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടെന്നും ഉറപ്പാക്കാന്‍  സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നത് പരിഗണനയിലാണ്. കപ്പുകള്‍ ആറ് മുതല്‍ 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകുമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.