പുനർഗേഹം പദ്ധതി: ആലപ്പുഴ ജില്ലയിൽ 310 തീരദേശ കുടുംബങ്ങളെ പുനരധിവസിപ്പിച്ചു

തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിയ്ക്കുള്ളിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി തയ്യാറാക്കിയ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 310 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. കളക്ട്രേറ്റിൽ നടന്ന പുനർഗേഹം പദ്ധതിയുടെ അവലോകന യോഗത്തിൽ മത്സ്യ വകുപ്പാണ് ഇത് അറിയിച്ചത്.
ജില്ലയിൽ 2020ൽ ആരംഭിച്ച പദ്ധതി പ്രകാരം ഓച്ചിറ മുതൽ അരൂർ വരെയുള്ള തീരപ്രദേശങ്ങളിൽ 1212 കുടുംബങ്ങളാണ് സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കുന്നതിന് സന്നദ്ധരായത്. ഇതിൽ 750 പേർ സ്ഥലം കണ്ടെത്തി ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. തുടർന്ന് 379 പേർ വീട് നിർമ്മാണം പൂർത്തിയാക്കുകയും 310 പേർ പുതിയ വീടുകളിലേക്ക് താമസം മാറുകയും ചെയ്തു.
പദ്ധതി പ്രകാരം മൂന്ന് സെൻ്റ് സ്ഥലം വാങ്ങി വീട് വെക്കുന്നതിന് 10 ലക്ഷം രൂപയാണ് നൽകുന്നത്. കൂടാതെ തോട്ടപ്പള്ളിയിൽ 204 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കഴിയുന്ന ഫ്ലാറ്റിൻ്റെ നിർമ്മാണവും പൂർത്തികരണത്തിലേക്ക് എത്തുകയാണ്. അർഹരായ തീരദേശ കുടുംബങ്ങളെ ഈ ഫ്ലാറ്റിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന്റെയും മത്സ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരികയാണ്'
ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേഷ് ശശിധരൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ബി ഷാനവാസ്, ലൈഫ് മിഷൻ ജില്ല കോ ഓർഡിനേറ്റർ പൊൻസിനി, മത്സ്യ, റവന്യൂ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.