തുറവൂര്‍ പുളിഞ്ചിറ പാലം യാഥാര്‍ഥ്യമായി

post

ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ കളരിക്കല്‍- തുറവൂര്‍ ടൗണ്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുളിഞ്ചിറ പാലത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.യു. അനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍. റെന്‍ഷു, ശശികല സഞ്ജു, ഉദ്യോഗസ്ഥര്‍, പി. ജയപ്രതീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രദേശത്ത് മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോചനീയാവസ്ഥയില്‍ ആയതോടെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനും വാഹനയാത്ര സൗകര്യമുള്ള പാലം നിര്‍മിക്കാനുമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 19 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. എട്ട് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് പാലത്തിന്.

alp