ആലപ്പുഴ ജില്ല പ്രവേശനോത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ ജില്ലയിലെ പ്രവേശനോത്സവം വിത്ത് വിതച്ച് ആഘോഷമാക്കി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍. ചേര്‍ത്തല ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസില്‍ കൃഷി മന്ത്രി പി. പ്രസാദ് നല്കിയ നെല്‍ വിത്തുകള്‍ വിതച്ച് കുരുന്നുകള്‍ സ്കൂളിൽ പ്രവേശിച്ചു. ജില്ലാതല പ്രവേശനോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിതച്ച അരികൊണ്ട് അവർക്ക് പായസം ഉണ്ടാക്കി കൊടുക്കണമെന്ന് അധ്യാപകരോട് മന്ത്രി നിർദ്ദേശിച്ചു. തുടര്‍ന്ന് കയ്യില്‍ ബലൂണും നിറ ചിരിയുമായി കുഞ്ഞുങ്ങള്‍ കൃഷിയിടത്തില്‍ നിന്നും പ്രവേശനോത്സവ വേദിയിൽ എത്തി.
കണ്ണീരണിഞ്ഞ കണ്ണുകളോ ആദ്യ ദിനത്തിന്റെ അങ്കലാപ്പോ ഒന്നുമില്ലാതെ കളിയും ചിരിയുമായാണ് അക്ഷര ലോകത്തേക്ക് അവർ എത്തിയത്. അധ്യാപകര്‍ മധുരം നല്‍കിയതോടെ സന്തോഷം ഇരട്ടിയായി.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, ചലച്ചിത്ര താരം മുഹമ്മ പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, ജില്ല പഞ്ചായത്തംഗം വി. ഉത്തമന്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്ത്തികേയന്, പഞ്ചായത്തംഗം എ. പുഷ്പവല്ലി, ഡി.ഐ.ഇ.ടി. പ്രിന്‍സിപ്പാള്‍ ഡോ.കെ.ജെ. ബിന്ദു, എസ്.എസ്.കെ. ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഡി.എം. രജനീഷ്, കൈറ്റ് ജില്ല കോ-ഓഡിനേറ്റര്‍ സുനില്‍ കുമാര്‍, ചേര്‍ത്തല ബി.ആര്.സി. ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഒ.ടി. സല്മോന്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. രശ്മി, പ്രഥമ അധ്യാപകന് പി. ആനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.