കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 21,352 കോടി രൂപ വായ്പയായി നല്‍കി

post

ആലപ്പുഴ: 2021-22 സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 21,352 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ലീഡ് ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണിത് ഇതു സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 4,093 കോടി രൂപയാണ് വായ്പ ഇനത്തില്‍ ജില്ലയില്‍ വിതരണം ചെയ്തത്.


മുന്‍ഗണനാ മേഖലകള്‍ക്ക് 9400.59 കോടി രൂപ നല്‍കി. കാര്‍ഷിക വായ്പയായി 4542.2 കോടിയും കാര്‍ഷികേതര വായ്പയായി 1613.75 കോടിയും മറ്റു മുന്‍ഗണനാ വിഭാഗത്തിന് 919.31 കോടി രൂപയും നല്‍കി. ജില്ലയിലെ ബാങ്കുകളുടെ ആകെ വായ്പ ഡിസംബര്‍ 2021ലെ 21,316 കോടി രൂപയില്‍ നിന്നും 2022 മാര്‍ച്ച് 31ന് 21,352 കോടി രൂപയായി ഉയര്‍ന്നു. വിദ്യാഭ്യാസ വായ്പ ഇനത്തില്‍ 3,836 വിദ്യാര്‍ഥികള്‍ക്ക് 17,72,467 രൂപ നല്‍കി.


യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍, ആര്‍.ബി.ഐ. പ്രതിനിധി എ.കെ. കാര്‍ത്തിക്, എസ്.ബി.ഐ. ആര്‍.ബി.ഒ. ജ്യൂഡ് ജെറാര്‍ത്ത്, നബാര്‍ഡ് ഡി.ഡി.എം. ടി. കെ. പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.