കായലോരടൂറിസം കേന്ദ്രം നിര്‍മ്മാണം അവസാനഘട്ടത്തില്‍

post

ആലപ്പുഴ: വേമ്പനാട് കായലിന്റെ സൗന്ദര്യവും മനം നിറയുന്ന കാഴ്ചകളും ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി തുറവൂരില്‍ കായലോരത്ത് ഒരുക്കുന്ന കേന്ദ്രത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

എ.എം ആരിഫ് എം.പി, എം.എല്‍.എ ആയിരുന്നപ്പോള്‍ തുറവൂര്‍ - തൈക്കാട്ടുശ്ശേരി പാലം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി വിനോദ സഞ്ചാര വകുപ്പിനെ സമീപിച്ചത് പ്രകാരം അനുവദിച്ച 2.5 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പാലത്തിന്റെ അപ്രോച്ച് റോഡിനിരുവശത്തും പുല്‍തകിടിയൊരുക്കി അലങ്കാര വൈദ്യുതി വിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ആറ് സ്തൂപങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചു . ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക റാമ്പ്, വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, ശുചിമുറികള്‍, നടപ്പാത, ജലസേചന സൗകര്യം, വെള്ളക്കെട്ട് ഒഴിവാക്കാനായി ഡ്രെയിനേജ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.. നൂറില്‍പരം ഇനത്തില്‍പ്പെട്ട മരങ്ങളും വ്യത്യസ്തങ്ങളായ 450 ലധികം ചെടികളും നട്ടു പിടിപ്പിച്ചു വരികയാണ്. കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങളും ഹാന്‍ഡ് റെയില്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും ഉടന്‍ പൂര്‍ത്തിയാകും.

എറണാകുളത്തെ എ.കെ.കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്കാണ് നിര്‍മാണ ചുമതല. ബാക്കി നിര്‍മ്മാണ ജോലികളും വേഗത്തില്‍പൂര്‍ത്തീകരിച്ച് ഡി.ടി.പി.സി.ക്ക് കൈമാറും.കായലിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്ത് നിരവധി ആളുകളാണ് എത്തുന്നത് . കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കായല്‍ കാഴ്ചകള്‍ ആസ്വദിക്കുന്നതിന് വിദേശ സഞ്ചാരികളടക്കമുള്ളവര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡി.റ്റി.പി.സി സെക്രട്ടറി ലിജോ എബ്രഹാം പറഞ്ഞു.