രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടനാട്ടില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്

ആലപ്പുഴ : ടൂറിസം രംഗത്തെ ശക്തിപ്പെടുത്തുവാനായി രണ്ടാഴ്ചക്കുള്ളില്‍ കുട്ടനാട്ടില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കും. ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വാക്സിനേഷന് നടത്തിയ പഞ്ചായത്തെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് കുട്ടനാട് മണ്ഡലത്തിലെ കൈനകരി ഗ്രാമപഞ്ചായത്ത്. മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് വിനോദസഞ്ചാരാധിഷ്ഠിത തൊഴില്‍ മേഖലയായ കുട്ടനാട്ടില്‍ അതിവേഗം വാക്സിനേഷന് പൂര്‍ത്തീകരിക്കുന്നത്. കൈനകരിയില്‍ ആരംഭിച്ച വാക്സിനേഷന് മെഗാ ക്യാമ്പില്‍ മൂന്നു ദിവസത്തിനുള്ളില്‍ ആറായിരത്തോളം പേര്‍ക്കാണ് വാക്സിന് ലഭ്യമാക്കുക. ജില്ലാ പഞ്ചായത്തിന്റെയും 'ഡോക്ടേഴ്സ് ഫോര്‍ യു' വിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ്. 'ഡോക്ടേഴ്സ് ഫോര്‍ യു' വിന്റെ അഞ്ചു യൂണിറ്റുകളാണ് കൈനകരിയില്‍ വാക്സിനേഷന് ലഭ്യമാക്കുന്നത്. കുപ്പപ്പുറം സ്കൂള്‍, എസ്. എന്‍. ഇ. എം. സ്കൂള്‍ കുട്ടമംഗലം, കൂലിപ്പുരക്കല്‍ പള്ളി പാരീഷ് ഹാള്‍, മുണ്ടക്കല്‍ റിസോര്‍ട്ട്, തോട്ടുവാത്തല സ്കൂള്‍ എന്നിവിടങ്ങളിലാണ് വാക്സിനേഷന് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. വാക്സിനേഷന് ക്യാമ്പിന്റെ ഉദ്ഘാടനം തോമസ് കെ. തോമസ് എം. എല്‍. എ. നിര്‍വഹിച്ചു.
ജില്ല മുഴുവന്‍ ഒന്നര മാസത്തിനകം സമ്പൂര്‍ണ വാക്സിനേഷന് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൈനകരിയിലെ വാക്സിനേഷന് പദ്ധതിക്ക് മുന്‍കൈ എടുത്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.
ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ മുഖ്യപ്രഭാഷണം നടത്തി. വാക്സിനേഷന് ജില്ലയാക്കി ആലപ്പുഴയെ മാറ്റുന്നതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു.