കായംകുളം സമഗ്ര സാംസ്‌കാരിക ടൂറിസം പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും:

post

ആലപ്പുഴ: ദേശിയ പാതയോട് ചേര്‍ന്നുള്ള കായംകുളം പട്ടണത്തിലെ കായല്‍ പ്രദേശങ്ങളുടെ സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും കോര്‍ത്തിണക്കിയുള്ള സമഗ്ര സാംസ്‌കാരിക ടൂറിസം പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി  ചെറിയാന്‍ പറഞ്ഞു. കായംകുളം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ 12.87 കോടി രൂപ വകയിരുത്തി നിര്‍മിക്കുന്ന കായംകുളം മള്‍ട്ടിപ്ലെക്‌സ് തീയറ്റര്‍ ഏപ്രിലോടെ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും. കായംകുളത്തെ ടുറിസം ഹബ്ബായി മാറ്റുന്നതിന്റെ ഭാഗമായി കൃഷ്ണപുരം ആര്‍ട്ടിസ്റ്റ് ശങ്കര്‍ മെമ്മോറിയല്‍ നാഷണല്‍ കാര്‍ട്ടൂണ്‍ മ്യൂസിയം ആന്റ് ആര്‍ട്ട് ഗാലറിയില്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള മൂന്നു കോടി രൂപയും ടൂറിസം വകുപ്പില്‍ നിന്നുള്ള ഒരു കോടി രൂപയും ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മ്യൂസിയത്തോട് ചേര്‍ന്ന് നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ പേരില്‍ സ്ഥിരം നാടകവേദിയൊരുക്കും. നാടക കലാകാരന്മാര്‍ക്ക് സ്ഥിരമായി ഇവിടെ നാടകം അവതരിപ്പിക്കാന്‍ കഴിയും. ലളിതകലാ അക്കാദമി സെന്റര്‍,  റൂറല്‍ ആര്‍ട്ട് ഹബ്ബ് എന്നിവയും ഇവിടെ നടപ്പാകും. കായംകുളത്തെ കായല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് കായല്‍ ടൂറിസം പദ്ധതിയും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും അഡ്വ.യു. പ്രതിഭ എം.എല്‍.എ.യും ഉദ്യോഗസ്ഥ സംഘത്തോടൊപ്പം കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രം, മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മാണ സ്ഥലം, കായംകുളം കായലോരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.